'സ്വത്ത് മുസ്‌ലിംകൾക്ക് നൽകും'; മോദിയുടെ വിദ്വേഷം ആവർത്തിച്ച് അനുരാഗ് ഠാക്കൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശം ഏറ്റുപിടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്‍റെ പ്രകടന പത്രിക തയാറാക്കുന്നതിൽ വിദേശ ശക്തികളുടെ സഹായമുണ്ടെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു. ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഠാക്കൂർ.
'കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ വിദേശ ശക്തികളുടെ കൈകളുണ്ടെന്ന് വ്യക്തമായി കാണാം. നിങ്ങളുടെ കുട്ടികളുടെ സ്വത്ത് മുസ്‍ലിംകൾക്ക് വിതരണം ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ആണവായുധങ്ങൾ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. രാജ്യത്തെ ജാതീയമായും പ്രാദേശികാടിസ്ഥാനത്തിലും വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നത്' -അനുരാഗ് ഠാക്കൂർ പറഞ്ഞു.
കോൺഗ്രസിനെ തുക്ഡേ-തുക്ഡേ സംഘം പൂർണമായും കീഴ്പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈയിൽ തന്നെ നിലനിൽക്കണോ അതോ മുസ്‍ലിംകളുടെ കൈയിലേക്ക് പോകണോയെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകൾക്ക് ഞങ്ങൾ എല്ലാ അവകാശവും തുല്യമായി നൽകിയിട്ടുണ്ട്. എന്നാൽ, അത് മതത്തെ പരിഗണിച്ചല്ല, അവർക്ക് അവകാശമുള്ളത് കൊണ്ടാണ് -ഠാക്കൂർ പറഞ്ഞു.
നേരത്തെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേയായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.