ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പുതിയ ബസ്റൂട്ടുകൾ അനുവദിക്കാമെന്ന് മന്ത്രി
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽനിന്ന് കേരളത്തിലെ പുതിയ റൂട്ടുകളിൽ ബസ് സർവിസ് അനുവദിക്കാമെന്ന് കേരള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഉറപ്പ്.
വോൾവോ ബസുകളും സ്വിഫ്റ്റ് ബസുകളും ദീർഘദൂര റൂട്ടുകളിൽ സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകൾ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികൾക്ക് മന്ത്രി വാക്കു നൽകിയത്. കെ.കെ.ടി.എഫ് ഭാരവാഹികൾ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി.
കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും കെ.കെ.ടി.എഫ് ജനറൽ കൺവീനർ ആർ. മുരളീധർ ഉന്നയിച്ചു. കോഴിക്കോട് - ബംഗളൂരു (കുറ്റ്യാടി, മാനന്തവാടി വഴി), കാഞ്ഞങ്ങാട്- ബംഗളൂരു (വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി, മൈസൂരു വഴി), ബംഗളൂരു- കോട്ടയം (കുമളി വഴി), കോഴിക്കോട്- മടിക്കേരി (കുറ്റ്യാടി, മൈസൂരു വഴി), എറണാകുളം- ഹാസൻ (സുൽത്താൻ ബത്തേരി വഴി), തലശ്ശേരി - ബംഗളൂരു (മാഹി, പാനൂർ, കുറ്റ്യാടി.
കൽപറ്റ, മൈസൂരു വഴി), പയ്യന്നൂർ- ബംഗളൂരു (ചെറുപുഴ, വെള്ളരിക്കുണ്ട്, സുള്ള്യ, ഹാസൻ വഴി), കണ്ണൂർ- മൈസൂരു (മട്ടന്നൂർ, കൊട്ടിയൂർ, മാനന്തവാടി വഴി), കോഴിക്കോട്- ശിവമൊഗ്ഗ (സോമവാർപേട്ട്, സകലേഷ് പുര വഴി), ബംഗളൂരു- നീലേശ്വരം (മൈസൂരു, മടിക്കേരി, സുള്ള്യ, പാണത്തൂർ വഴി), ബംഗളൂരു- കൊല്ലം (ചെങ്കോട്ടെ, പുനലൂർ, കൊട്ടാരക്കര വഴി), കോഴിക്കോട് -ഹുബ്ബള്ളി (ഹാസൻ, ശിവമൊഗ്ഗ വഴി), മലപ്പുറം -ബംഗളൂരു (താമരശ്ശേരി, കൽപറ്റ, മൈസൂരു വഴി) റൂട്ടുകളിലാണ് പുതിയ സർവിസുകൾ ആവശ്യപ്പെട്ടത്. കേരള ആർ.ടി.സിയുടെ ബംഗളൂരു ഡിപ്പോയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഈ നിർദേശം മന്ത്രിക്ക് മുന്നിൽവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.