കർണാടകയിൽ 24 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജനതാദൾ എസ് സഖ്യ സർക്കാറിലെ 25 മന്ത്രിമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ജെ.ഡി-എസിൽനിന്ന് ഒമ്പതും കോൺഗ്രസിൽനിന്ന് 14ഉം ബി.എസ്.പി, കെ.പി.ജെ.പി എന്നീ കക്ഷികളിലെ ഒാരോ അംഗങ്ങളുമാണ് ആദ്യഘട്ട മന്ത്രിസഭ വികസനത്തിെൻറ ഭാഗമായത്. സിദ്ധരാമയ്യ സർക്കാറിലെ മലയാളി മന്ത്രിമാരായിരുന്ന കെ.ജെ. ജോർജും യു.ടി. ഖാദറും കുമാരസ്വാമി സർക്കാറിലും മന്ത്രിമാരാണ്. ബുധനാഴ്ച ഉച്ചക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോൺഗ്രസ് ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവും മുൻ കന്നട നടിയുമായ ജയമാലയാണ് ഏക വനിതാ മന്ത്രി. 34 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് 22ഉം ജെ.ഡി-എസിന് 12ഉം മന്ത്രിസ്ഥാനമാണ് സഖ്യധാരണ. മന്ത്രിസഭയുടെ ആദ്യഘട്ട വികസനത്തോടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം അംഗങ്ങളുടെ എണ്ണം 27 ആയി. ജെ.ഡി-എസിന് ഒന്നും കോൺഗ്രസിന് ആറും മന്ത്രിമാരെയാണ് ഇനി തീരുമാനിക്കാനുള്ളത്. അതേസമയം, കോൺഗ്രസിൽ മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന പ്രമുഖ നേതാക്കളുടെ അനുയായികളും സമുദായ സംഘടനകളും സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധവുമായി തെരുവിലിറങ്ങി. ബി.എസ്.പി അംഗം കർണാടകയിൽ ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. പട്ടിക ജാതി വിഭാഗക്കാരനായ എച്ച്.എൻ. മഹേഷാണ് ബി.എസ്.പി മന്ത്രി. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയുടെ പാർട്ടി യു.പിക്ക് പുറത്ത് ഏതെങ്കിലും സംസ്ഥാന ഭരണത്തിൽ പങ്കാളിയാവുന്നതും ആദ്യമായാണ്.
റാണിബെന്നൂരിൽ മുൻ സ്പീക്കർ കെ.ബി. കോലിവാഡിനെ തോൽപിച്ച കർണാടക പ്രജ്ഞാവന്ത ജനത പാർട്ടി (കെ.പി.ജെ.പി) എം.എൽ.എ ആർ. ശങ്കറും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജനതാദൾ-എസ് വിമത എം.എൽ.എമാരുടെ നേതാവായിരുന്ന സമീർ അഹമ്മദ്ഖാനെ കോൺഗ്രസും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയിൽ തോൽപിച്ച ജി.ടി. ദേവഗൗഡയെ ജനതാദളും മന്ത്രിസഭയിലുൾപ്പെടുത്തിയത് ശ്രദ്ധേയമായി.
ആർ.വി. ദേശ്പാണ്ഡെ, ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, കൃഷ്ണബൈര ഗൗഡ, ശിവശങ്കർ റെഡ്ഡി, രമേശ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, യു.ടി. ഖാദർ, സമീർ അഹമ്മദ് ഖാൻ, ശിവാനന്ദ് പാട്ടീൽ, വെങ്കട്ട രമണപ്പ, ആർ.ബി. പാട്ടീൽ, പുട്ടരംഗഷെട്ടി, ജയമാല എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ. എച്ച്.ഡി. രേവണ്ണ, ബന്ദപ്പ കാശംപൂർ, ജി.ടി. ദേവഗൗഡ, ഡി.സി. തമ്മണ്ണ, എം.സി. മനഗുളി, എസ്.ആർ. ശ്രീനിവാസ്, വെങ്കടറാവു നാദഗൗഡ, സി.എസ്. പുട്ടരാജു, എസ്.ആർ. മഹേഷ് എന്നിവരാണ് ജെ.ഡി-എസ് മന്ത്രിമാർ.
കോട്ടയം ചിങ്ങവനം സ്വദേശിയായ കെ.ജെ. ജോർജ് 1989ലെ വീരേന്ദ്രപാട്ടീൽ ,1990ൽ ബംഗാരപ്പ, 2013ൽ സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും അംഗമായിരുന്നു. മംഗളൂരു സിറ്റിയിൽനിന്നാണ് യു.ടി. ഖാദറിെൻറ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.