ദോക്ലാം അടക്കമുള്ള റിപ്പോർട്ടുകൾ മുക്കി പ്രതിരോധ മന്ത്രാലയം
text_fieldsന്യൂഡൽഹി: ലഡാക്കിലെ ഏകപക്ഷീയ ചൈനീസ് കടന്നുകയറ്റം വ്യക്തമാക്കുന്ന റിപ്പോർട്ട് നീക്കം ചെയ്തതിനു പിന്നാലെ, 2017ലെ ദോക്ലാം പ്രതിസന്ധി അടക്കമുള്ള പ്രതിമാസ റിപ്പോർട്ടുകളും പ്രതിരോധ മന്ത്രാലയം വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു.
മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് ഈ റിപ്പോർട്ടുകളെല്ലാം പരസ്യപ്പെടുത്താറ്. എന്നാൽ, ബാലാകോട്ട് വ്യോമാക്രമണം, ദോക്ലാമിലെ സൈനിക വിന്യാസം, ഇന്തോ-പാക് വ്യോമപോരാട്ടം എന്നിവ ഉൾപ്പെടെ പല പ്രധാന സൈനിക നീക്കങ്ങളെക്കുറിച്ചും ഇവയിൽ പരാമർശം ഉണ്ടായിരുന്നില്ല.
നേരത്തേ മേയിൽ ഗാൽവൻ താഴ്വരയിൽ നടന്ന ചൈനീസ് അതിക്രമം സംബന്ധിച്ച് ഈ മാസം ജൂണിൽ പുറത്തുവിട്ട റിപ്പോർട്ട് ആഗസ്റ്റിൽ മന്ത്രാലയം വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിയന്ത്രണ രേഖയിലും ഗാൽവൻ താഴ്വരയിലും മേയ് അഞ്ചു മുതൽ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണെന്നും കുഗ്രാങ് നല, ഗോഗ്ര, പാംഗോങ് തടാക തീരം എന്നിവിടങ്ങളിലും ചൈനീസ് സൈനിക സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതോടെയാണ് റിപ്പോർട്ട് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്. അതിനു മുമ്പ് നാലുതവണയാണ് പ്രതിമാസ റിപ്പോർട്ടുകളിൽ ചൈനയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത്.
റിപ്പോർട്ടുകൾ ഒഴിവാക്കിയതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാൽ, കൂടുതൽ സമഗ്രമായ രീതിയിൽ റിപ്പോർട്ടുകൾ വൈകാതെ തിരിച്ചെത്തുമെന്ന് അധികൃതർ സൂചന നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.