വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ചത് 17കാരൻ; സുഹൃത്തിനെ കുടുക്കാൻ ചെയ്തതെന്ന് മൊഴി
text_fieldsമുംബൈ: വിമാനങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ 17കാരൻ പൊലീസ് കസ്റ്റഡിയിൽ. മുംബൈയിലാണ് ഇയാൾ പിടിയിലായത്. ഭീഷണി സന്ദേശം മൂലം വിമാനങ്ങൾ കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു.
സ്കൂളിൽ നിന്നും പഠനം പാതിവഴിക്ക് നിർത്തിയ വിദ്യാർഥിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാളോട് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചോദ്യംചെയ്യുകയും വീട്ടിൽ കസ്റ്റഡിയിലാക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. സുഹൃത്തിനോടുള്ള ദേഷ്യം തീർക്കാൻ അയാളുടെ പേരിൽ എക്സിൽ അക്കൗണ്ടുണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം, വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി കോൾ വിളിക്കുന്നവർക്ക് വിമാനയാത്ര വിലക്ക് കൊണ്ടു വരുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുകയാണ്. വിവിധ കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിവിധ എയർലൈനുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾ ചർച്ച ചെയ്യാനായി കേന്ദ്ര വ്യോമയാനമന്ത്രാലയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് തുടങ്ങിയവർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഇക്കാര്യം ചർച്ചയായെന്നാണ് സൂചന. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഭീഷണികോളുകൾ വിളിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടു വരുന്നത് പരിഗണിക്കുന്നത്.
ഇന്റലിജൻസ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് എയർ മാർഷൽ മാരുടെ എണ്ണം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. എൻ.എസ്.ജി കമാൻഡോകളെ എയർ മാർഷൽമാരായി തെരഞ്ഞെടുത്ത ഇന്റർനാഷണൽ റൂട്ടുകളിലും ചില ആഭ്യന്തര റൂട്ടുകളിലുമാണ് നിയോഗിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണിക്ക് പിന്നിൽ ആരാണെന്നത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സൈബർ സെക്യൂരിറ്റി വിദഗ്ധരുമായി ചേർന്ന് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.