വീട്ടിൽ താമസിച്ച് പഠിക്കുന്നതിനിടെ ബലാത്സംഗത്തിനിരയായ 10ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു; കോളജ് അധ്യാപകൻ അറസ്റ്റിൽ
text_fieldsഗുവാഹത്തി: വീട്ടിൽ താമസിച്ച് പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്ത കേസിൽ കോളജ് അധ്യാപകൻ അറസറ്റിലായി. ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. അസമിലെ ചിരങ് ജില്ലയിലാണ് സംഭവം.
ബെങ്ടോൾ കോളജിൽ ഫിലോസഫി വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രഫസറായ പ്രബിൻ നർസാരിയുടെ വീട്ടിൽ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മികച്ച വിദ്യാഭ്യാസം നൽകാമെന്ന് വിശ്വസിപ്പിച്ച് നർസാരി ഒരു വർഷമായി പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരികയായിരുന്നു. അകന്ന ബന്ധത്തിൽ പെട്ട പെൺകുട്ടി ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. വീട്ടിൽ താമസിച്ച് പഠിക്കുന്നതിനിടെയാണ് 10ാം ക്ലാസുകാരിയെ നർസാരി ബലാത്സംഗത്തിനിരയാക്കിയത്.
നർസാരി ലൈംഗിക പീഡനത്തിനിരയാക്കിയതായും തുടർന്ന് ജീവിച്ചിരിക്കാൻ താൽപര്യമില്ലെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പെൺകുട്ടി ആൺസുഹൃത്തിന് വാട്സാപ്പ് സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. സുഹൃത്ത് ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടതോടെ കുടുംബം കേസ് കൊടുക്കുകയായിരുന്നു.
പോക്സോ, ആത്മഹത്യാ പ്രേരണാകുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് നർസാരിയെ അറസ്റ്റ് ചെയ്തത്. കജൽഗോൻ ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ വനിതാ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബാർപേട്ട മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.