ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: സർക്കാറിന് ചാഞ്ചാട്ടം; കോടതിക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: മറ്റു സമുദായങ്ങളേക്കാൾ എണ്ണത്തിൽ കുറവായ ഏതാനും സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ആടിക്കളിച്ച് കേന്ദ്രസർക്കാർ.
സർക്കാറിന്റെ ചാഞ്ചാട്ടത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. സംസ്ഥാനങ്ങളുമായി ഈ വിഷയത്തിൽ കൂടിയാലോചന നടത്തി മൂന്നു മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കേന്ദ്രസർക്കാറിനോട് നിർദേശിച്ചു.
ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളാണ് നിലപാടെടുക്കേണ്ടതെന്ന സത്യവാങ്മൂലമാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം മാർച്ച് 28ന് സുപ്രീംകോടതിക്ക് നൽകിയത്. തിങ്കളാഴ്ച നിലപാട് മാറ്റി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ നിർണയിച്ച് വിജ്ഞാപനം ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ട്, എന്നാൽ അന്തിമ നിലപാട് രൂപപ്പെടുത്താൻ വിശദമായ കൂടിയാലോചനകൾ ആവശ്യമുണ്ട് എന്നായിരുന്നു രണ്ടാമത്തെ സത്യവാങ്മൂലം.
സുപ്രീംകോടതിക്ക് സത്യവാങ്മൂലം നൽകുന്നതിനു മുമ്പ് വ്യക്തമായ ആലോചന നടത്തേണ്ടിയിരുന്നുവെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ സൂചിപ്പിച്ചു. അങ്ങനെ ചെയ്യാതിരുന്നത് അനിശ്ചിതത്വം ഉണ്ടാക്കി. കൂടിയാലോചന വേണമെന്നുണ്ടെങ്കിൽ സർക്കാറിന് നടത്താം. ആരാണ് തടയുന്നത്? സർക്കാർ അഭിഭാഷകനോട് ജസ്റ്റിസ് കൗൾ ചോദിച്ചു. പല നിലപാട് എടുത്താൽ ശരിയാവില്ല. സത്യവാങ്മൂലം നൽകുന്നതിനു മുമ്പാണ് കൂടിയാലോചന നടക്കേണ്ടത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുണ്ടെന്ന് ആദ്യം പറയുന്നു. ചില ശ്രദ്ധയൊക്കെ വേണം -അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിയാലോചന നടത്താൻ സർക്കാറിന് സമയം അനുവദിച്ച് കേസ് ആഗസ്റ്റിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.