ബ്രിജ്ഭൂഷനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ കുടുംബം കടുത്ത സമ്മർദത്തിലെന്ന് സാക്ഷി മാലിക്
text_fieldsന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ സംശയമുന്നയിച്ച് സാക്ഷി മാലിക്. പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് പിന്‍വലിക്കുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം കടുത്ത സമ്മർദത്തിലാണെന്നും അവർ പറഞ്ഞു.
‘പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കാര്യത്തിൽ, കുടുംബത്തിൽ വളരെയധികം സമ്മർദ്ദമുണ്ടെന്ന് വ്യക്തമാണ്. ഞങ്ങളുടെ ശേഷിക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കും’-സാക്ഷി പറഞ്ഞു.
‘പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ബ്രിജ് ഭൂഷൺ അറസ്റ്റിലാകുമായിരുന്നു. പരാതി പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. മറ്റുള്ള പെൺകുട്ടികളും ലൈംഗികാതിക്രമ പരാതികളുമായി മുമ്പോട്ട് വരുമായിരുന്നു. ഇതിൽ സമ്മർദ്ദവും ഭീഷണിയും ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. എന്താണ് ചെയ്യാൻ സാധിക്കുക എന്ന് കോടതി തീരുമാനിക്കട്ടെ’- സാക്ഷി മാലിക് പറഞ്ഞു.
വ്യാഴാഴ്ച ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസ് റദ്ദാക്കാന്‍ പട്യാല ഹൗസ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ‘പോക്‌സോ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം സെക്ഷന്‍ 173 സി.ആര്‍.പി.സി പ്രകാരം പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്’- പൊലീസ് അറിയിച്ചു. ജൂലൈ നാലിനാണ് കേസിലെ തുടര്‍വാദം കേള്‍ക്കുക.
തങ്ങളുടെ നിയമവിദഗ്ദരുമായി ചർച്ച ചെയ്ത് തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുമെന്ന് സാക്ഷി മാലിക് പറഞ്ഞു. 'കുറ്റപത്രം ശക്തമാണെന്നും ബ്രിജ് ഭൂഷണെതിരായി കോടതിയിൽ വാദിക്കാൻ പര്യാപ്തമാണെന്നും നിയമവിദഗ്ധര്‍ പറയുകയാണെങ്കിൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാം. കോടതി വാദം കേട്ട ശേഷം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താൽ മാത്രമേ ലൈംഗികാതിക്രമം നേരിട്ട ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കൂ' - സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷണെതിരെ തെളിവില്ലാത്തതിനാല്‍ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്നാണ് പട്യാല പോലീസിന്റെ ആവശ്യം. കേസ് ഇനി ജൂലായ് നാലിന് കോടതി പരിഗണിക്കും. ഗുസ്തിതാരങ്ങൾ എന്ത് തീരുമാനമെടുത്താലും കർഷക സംഘത്തിന്റെ പിന്തുണ അതിനുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂനിയൻ വക്താവ് രാജേഷ് ടികായത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.