മുംബൈ മീര റോഡിൽ സാമുദായിക സംഘർഷം; 10 കേസുകൾ രജിസ്റ്റർ ചെയ്തു, 19 പേർ അറസ്റ്റിൽ
text_fieldsമുംബൈ: മീര റോഡിലെ നഗാനഗറിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 19 പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പത്തു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടു കേസുകൾ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ട് അനുസരിച്ചാണ് എടുത്തത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി നടത്തിയ പ്രകടനത്തിനുപിന്നാലെയാണ് സംഘർഷം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മുതൽ സ്ഥലത്ത് പൊലീസ് ക്യാമ്പു ചെയ്യുന്നുണ്ട്. ‘സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും. ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തിൽ കർശനമായ നടപടികളെടുക്കും’ -അഡീഷനൽ കമീഷണർ ശ്രീകാന്ത് പഥക് പറഞ്ഞു.
താനെ ജില്ലയുടെ പല ഭാഗത്തും സാമുദായിക സംഘർഷം നിലനിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തുന്നതും സാമുദായിക സ്പർധ ഉളവാക്കുന്നതുമായ രീതിയിലുള്ള വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു. വാട്സാപ് ഗ്രൂപ് അഡ്മിൻമാരും ഫേസ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളും വിദ്വേഷജനകമായ ഉള്ളടക്കം പ്രചരിപ്പിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. മീര റോഡ് റെയിൽവേ സ്റ്റേഷന് തീവെച്ചുവെന്ന തരത്തിൽ എഡിറ്റു ചെയ്ത് പ്രചരിപ്പിച്ച സന്ദേശങ്ങൾ വ്യാജ പ്രചാരണത്തിന്റെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടി.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരിച്ചറിയാനാവാത്ത വ്യക്തികളടങ്ങിയ ചില സംഘങ്ങൾ കച്ചവട സ്ഥാപനങ്ങൾക്കുനേരെ നടത്തുന്ന അക്രമങ്ങൾ സംഘർഷത്തിന് ആക്കം കൂട്ടുന്നതായി അധികൃതർ പറയുന്നു.
നയാ നഗറിലെ സംഘർഷത്തിനു പിന്നാലെ ചൊവ്വാഴ്ച പ്രദേശത്തെ റോഡരികിലെ കച്ചവട സ്റ്റാളുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. പ്രാദേശിക ഭരണകൂടമാണ് ഇതു ചെയ്തത്. കുഴപ്പക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് നിർദേശം നൽകിതിനു പിന്നാലെയാണ് സ്റ്റാളുകൾ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.