മീരാ റോഡ് അക്രമം; വിദ്വേഷ പ്രസംഗത്തിന് ബി.ജെ.പി എം.എൽ.എമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി
text_fieldsമുംബൈ: മീരാ റോഡ് അക്രമ സംഭവങ്ങൾക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എമാരായ നിതേഷ് റാണെ, ഗീത ജെയിൻ, തെലങ്കാനയിൽ നിന്നുള്ള എം.എൽ.എ ടി. രാജ സിങ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈകോടതിയിൽ ഹരജി. അക്രമണത്തിനിരയായ രണ്ടുപേർ ഉൾപ്പടെ അഞ്ചുപേരാണ് ഹരജി നൽകിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനാലാണ് ഹൈകോടതിയെ സമീപിക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് ഹരജിക്കാർ ആരോപിക്കുന്നു.
ജനുവരി 21ന് മീരാ റോഡിലെ ന്യൂനപക്ഷ മേഖലയിൽ ആരംഭിച്ച അക്രമം പിന്നീട് നഗരത്തിലുടനീളം വ്യാപിച്ചിരുന്നു. തുടർന്ന് മീരാ റോഡ് സന്ദർശിക്കുന്നതിനിടെ ബി.ജെ.പി എം.എൽ.എമാരായ നിതേഷ് റാണെ, ഗീത ജെയിൻ എന്നിവർ പ്രസംഗത്തിലൂടെ ന്യൂനപക്ഷ സമുദായത്തെ പരസ്യമായി ഭീഷണിപ്പെടുത്തി. ഗോവണ്ടി, മാൽവാനി തുടങ്ങിയ പ്രദേശങ്ങളിലും റാണെ വിദ്വേഷ പ്രസംഗങ്ങൾ നടത്തി. ഫെബ്രുവരി 25ന് മീരാറോഡിൽ നടത്തിയ റാലിയിൽ ടി. രാജ ചില വർഗീയ പരാമർശങ്ങൾ നടത്തിയതായും ഹരജിയിൽ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി നടന്ന വാഹന റാലിക്കിടെയാണ് ജനുവരി 21ന് മീരാ റോഡിൽ അക്രമങ്ങളുണ്ടാകുന്നത്. വാഹന റാലി മീരാ റോഡിലെ നയനഗറിൽ പ്രവേശിച്ചപ്പോൾ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും ജനംകൂടിയതോടെ സംഘർഷമായി മാറുകയുമായിരുന്നു. മുസ്‍ലിം മതസ്ഥരുടെ നിരവധി സ്ഥാപനങ്ങൾക്ക് നേരെ അക്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.