നാലു വർഷത്തിന് ശേഷം മിർവാഇസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു
text_fieldsശ്രീനഗർ: ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവാഇസ് ഉമർ ഫാറൂഖിനെ നാലു വർഷത്തിന് ശേഷം വെള്ളിയാഴ്ച വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു. കേന്ദ്രസർക്കാർ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് 2019 ആഗസ്റ്റ് അഞ്ചിന് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. ഇന്നലെ ജാമിഅ മസ്ജിദിലെ ജുമുഅ നമസ്കാരത്തിൽ അദ്ദേഹം പങ്കെടുത്തു. വ്യാഴാഴ്ച രാത്രി മിർവാഇസിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരാണ് വിട്ടയക്കുന്ന വിവരം അറിയിച്ചത്. തടങ്കലിനെതിരെ ഹുർറിയത്ത് ചെയർമാൻ ജമ്മു-കശ്മീർ ഹൈകോടതിയെ സമീപിച്ചിരുന്നു.
ഹരജിയിൽ നാലാഴ്ചക്കകം മറുപടി നൽകാൻ കോടതി ഭരണകൂടത്തിന് നാലാഴ്ച സമയം അനുവദിച്ചു. ഇതിനിടെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. കശ്മീർ വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് മിർവാഇസ് ഉമർ ഫാറൂഖ് പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വമാണ് കശ്മീർ ജനത ആഗ്രഹിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളായ സഹോദരങ്ങളെ എല്ലാക്കാലത്തും താഴ്വരയിലേക്ക് ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇതൊരു രാഷ്ട്രീയവിഷയമാക്കുന്നതിനെ അംഗീകരിച്ചിട്ടില്ല. യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് യുക്രെയ്നുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം യഥാർഥ വികാരം ഉൾക്കൊള്ളുന്നതാണെന്നും ഹുർറിയത്ത് ചെയർമാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.