യാത്രക്കിടെ മോശം പെരുമാറ്റം: വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി- ഡി.ജി.സി.എ
text_fieldsമുംബൈ: വിമാനയാത്രക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാരെ നിയമപരമായി കൈകാര്യം ചെയ്യാത്ത കമ്പനികൾക്കെതിരെ കർക്കശ നടപടിയെന്ന് വ്യോമയാന സുരക്ഷ റെഗുലേറ്ററായ ഡി.ജി.സി.എ. 2022 നവംബറിലും ഡിസംബറിലുമായി രണ്ട് യാത്രക്കാർ സഹയാത്രികരുടെ ശരീരത്തിലും പുതപ്പിലും മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് ഡി.ജി.സി.എയുടെ മുന്നറിയിപ്പ്.
രണ്ട് സംഭവങ്ങളും ഡി.ജി.സി.എയെ അറിയിക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മോശം പെരുമാറ്റക്കാർക്കെതിരെ വിവിധ നിയമങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കേണ്ട പൈലറ്റ് ഇൻ കമാൻഡ്, കാബിൻ ക്രൂ, ഇൻഫ്ലൈറ്റ് സർവിസസ് ഡയറക്ടർ എന്നിവരുടെ ഉത്തരവാദിത്തത്തെ കുറിച്ച് വിവിധ വിമാനക്കമ്പനികളുടെ മേധാവികളെ ഡി.ജി.സി.എ ഓർമപ്പെടുത്തി. മോശം സംഭവങ്ങളിൽ നിയമപരമായി പ്രതികരിക്കേണ്ടതിനെ കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കണമെന്നും വിമാനക്കമ്പനികൾക്കുള്ള നിർദേശത്തിൽ വ്യക്തമാക്കി.
‘അനുചിത പെരുമാറ്റം അധികൃതരെ അറിയിക്കണം’ -ജീവനക്കാരോട് എയർ ഇന്ത്യ മേധാവി
ന്യൂഡൽഹി: വിമാനയാത്രക്കിടെ യാത്രക്കാരിൽനിന്നുണ്ടാകുന്ന അനുചിത പെരുമാറ്റങ്ങൾ അധികൃതരെ അറിയിക്കണമെന്ന് എയർ ഇന്ത്യ സി.ഇ.ഒ കാംപൽ വിൽസൺ. മോശം പെരുമാറ്റത്തിനുശേഷം യാത്രക്കാർ തമ്മിൽ ഒത്തുതീർപ്പിലെത്തിയാലും അധികൃതരെ അറിയിക്കുകയെന്ന നടപടി ഒഴിവാക്കരുതെന്നും ജീവനക്കാർക്കുള്ള കത്തിൽ വ്യക്തമാക്കി. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
പൊലീസിന് വനിത കമീഷൻ നോട്ടീസ്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരെ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഡൽഹി വനിത കമീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവം ഗൗരവമുള്ളതും അസ്വസ്ഥതയുളവാക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയ കമീഷൻ എഫ്.ഐ.ആർ പകർപ്പും തേടിയിട്ടുണ്ട്. വിഷയത്തിൽ വീഴ്ച വരുത്തിയ എയർ ഇന്ത്യക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും ജനുവരി 10നകം നൽകണം.
നവംബർ 26ന് ന്യുയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. മദ്യപിച്ച യാത്രക്കാരൻ വയോധികയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് ബുധനാഴ്ചയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.