മിഷ്ടി ഡോയി മധുരമാണ്; നിങ്ങൾക്കെന്താണ് എപ്പോഴും കയ്പ്? -മമതക്ക് പരിഹാസവുമായി മോദി
text_fieldsകൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിക്കെതിരെ വീണ്ടും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷ്ടി ഡോയി അടക്കം മധുര പലഹാരങ്ങളുടെ നാടായിട്ടും മമതക്ക് മാത്രം എന്താണ് കയ്പ് എന്നാണ് ഇത്തവണ മോദി പരിഹസിച്ചിരിക്കുന്നത്. ബംഗാളിലെ മധുരമുള്ള തൈര് വിഭവമാണ് മിഷ്ടി ഡോയി.
ബംഗാളിന് ഒരു പ്രത്യേക മധുരമുണ്ട്. അതിെൻറ ഭാഷ, ആളുകൾ... മിഷ്ടി ഡോയിയെക്കുറിച്ചും മറ്റു മധുരപലഹാരങ്ങളെക്കുറിച്ചും ഞാൻ പറയുന്നില്ല. പിന്നെങ്ങിനെ നിങ്ങൾക്ക് മാത്രം ഇത്ര കയ്പുണ്ടായി, ദീദി? -എന്നായിരുന്നു മോദിയുടെ പരാമർശം. ബംഗാളിലെ ഹൂഗ്ലിയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷത്തെ പ്രവർത്തന റിപ്പോർട്ടാണ് മമതയുടെ നിരാശയുടെ കാരണം. രാജ്യത്തെ പഴയ വ്യാവസായിക മേഖലകളിലൊന്നാണ് ഹൂഗ്ലി. ഇപ്പോള്‍ വ്യവസായങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. പുതിയ വ്യവസായങ്ങളോ നിക്ഷേപങ്ങളോ സംഭവിക്കുന്നില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടുത്തെ ഫാക്ടറികളിലേക്ക് ആളുകൾ ജോലിക്ക് വന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ബംഗാളിലെ ജനങ്ങൾ മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാൻ നിർബന്ധിതരാകുന്നു -മോദി കുറ്റപ്പെടുത്തി.
ആളുകള്‍ പണം വാങ്ങിയാണ് ബി.ജെ.പി റാലികളില്‍ പങ്കെടുക്കുന്നതെന്ന് മമത പറയുന്നു. ആത്മാഭിമാനമുള്ള ബംഗാളികളെ ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ അപമാനിക്കുകയാണ്. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങൾക്കുള്ള പണം തൃണമൂല്‍ കൈക്കലാക്കിയതായും മോദി വിമർശിച്ചു.
കഴിഞ്ഞ ദിവസം, നന്ദിഗ്രാമിൽ ജയിക്കുമോയെന്ന് മമതക്ക് സംശയമുണ്ടെന്നും അതിനാൽ മറ്റൊരു മണ്ഡലത്തിൽനിന്നും മമത മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മോദി പരിഹസിച്ചിരുന്നു. ഏതു സീറ്റിൽനിന്ന് മത്സരിക്കണമെന്ന് നിർദേശിക്കാൻ ഞാൻ നിങ്ങളുടെ പാർട്ടി മെംബറല്ലെന്നും നന്ദിഗ്രാമിൽനിന്ന് തന്നെ ജയിക്കുമെന്നും മമത മറുപടി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.