പതഞ്ജലി പരസ്യങ്ങൾ നിരോധിച്ച് സുപ്രീം കോടതി; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം
text_fieldsന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്ന യോഗ ഗുരു രാംദേവിന്റെ ‘പതഞ്ജലി ആയുർവേദി’നെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. പതഞ്ജലി പരസ്യങ്ങൾ ഇടക്കാല ഉത്തരവിലൂടെ കോടതി നിരോധിച്ചു. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) നിയമത്തിൽ പരാമർശിച്ച അസുഖങ്ങൾ മാറ്റാമെന്ന് അവകാശവാദമുള്ള ഒരു ഉൽപന്നവും പതഞ്ജലി പരസ്യം ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യരുതെന്ന് ഉത്തരവിലുണ്ട്.
ഉൽപന്നങ്ങളും പരസ്യവും സംബന്ധിച്ച് കോടതിയിൽ നൽകിയ ഉറപ്പു പാലിച്ചുള്ളതല്ല പതഞ്ജലിയുടെ നടപടിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായി ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ. അമാനുള്ള എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കുത്തിവെപ്പിനും ഇംഗ്ലീഷ് മരുന്നിനുമെതിരെ രാംദേവിന്റെ കമ്പനി ദുരുപദിഷ്ടിത പ്രചാരണം നടത്തുന്നതായുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
രാജ്യത്തെയാകെ പറഞ്ഞു പറ്റിക്കുമ്പോൾ കേന്ദ്രം വിഷയത്തിൽ കണ്ണടച്ചിരിക്കുകയാണെന്ന് കോടതി തുടർന്നു. നേരത്തെയുള്ള വിധികൾ അവഗണിച്ചതിന് രാംദേവിനും കമ്പനി ചെയർമാൻ ആചാര്യ ബാൽകൃഷ്ണക്കും കോടതി നോട്ടീസുണ്ട്.
സർക്കാർ കണ്ണടച്ചിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ അടിയന്തരമായി നടപടിയെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം തുടർന്നാൽ ഓരോ പരസ്യത്തിനും ഒരു കോടി വീതം പിഴയിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
പതഞ്ജലിക്കും കമ്പനി എം.ഡിക്കും കോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ ന്യായമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. മറ്റ് ചികിത്സ സമ്പ്രദായങ്ങൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നതിനെതിരെയും കോടതി ശക്തമായി പ്രതികരിച്ചു. ഇനിമേൽ നിയമലംഘനമുണ്ടാകില്ലെന്ന് പതഞ്ജലി അധികൃതർ കഴിഞ്ഞ വർഷം നവംബറിൽ കോടതിയെ അറിയിച്ചിരുന്നു. മറ്റ് ചികിത്സ രീതികളെ കുറച്ചുകാണിക്കുന്നതോ, തങ്ങളുടെ ഉൽപന്നങ്ങൾക്ക് രോഗം മാറ്റാനുള്ള കഴിവിനെക്കുറിച്ചോ അവകാശവാദങ്ങളുണ്ടാകില്ലെന്നും അന്ന് കമ്പനി ഉന്നത കോടതിക്ക് ഉറപ്പുനൽകുകയുണ്ടായി.
എന്നാൽ, തുടർന്നും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ അവകാശവാദങ്ങളുന്നയിക്കുന്നതുമായ ഉൽപന്ന പരസ്യങ്ങളുമായി പതഞ്ജലി മുന്നോട്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.