പാകിസ്താൻ മണ്ണിൽ പതിച്ചത് ഇന്ത്യയുടെ മിസൈൽ തന്നെ; കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsന്യൂഡൽഹി: കഴിഞ്ഞദിവസം പാകിസ്താൻ മണ്ണിൽ പതിച്ച മിസൈൽ ഇന്ത്യയുടേതാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സ്ഥിരീകരണം. സാങ്കേതിക തകരാർ കാരണമാണ് ഇന്ത്യൻ മിസൈൽ പാകിസ്താനിൽ പതിച്ചത്. സംഭവത്തിൽ അതിതായ ദുഖം രേഖപ്പെടുത്തുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര സർക്കാർ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. മാർച്ച് ഒമ്പതിന് പതിവ് പരിശോധനക്കിടെയാണ് സാങ്കേതിക തകരാർ മൂലം അബദ്ധത്തിൽ മിസൈൽ പാകിസ്താനിൽ പതിച്ചത്. അപകടത്തിൽ ആളപായമൊന്നും ഉണ്ടാകാത്തത് ഏറെ ആശ്വാസകരമാണെന്നും മന്ത്രാലയം പറയുന്നു. 40,000 അടി ഉയരത്തിൽ തങ്ങളുടെ വ്യോമ മേഖലയിലൂടെ 100 കിലോമീറ്റർ വേഗതയിലാണ് മിസൈൽ പോയതെന്ന് പാകിസ്താൻ അധികൃതർ അറിയിച്ചു.
ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് മിസൈലിന് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയുണ്ടായിരുന്നു. എന്നാൽ, മിസൈലിൽ പോർമുന ഇല്ലാതിരുന്നതിനാൽ പൊട്ടിത്തെറിച്ചില്ല. സംഭവത്തിൽ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു.
ഒരു പ്രകോപനവുമില്ലാതെയാണ് തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതെന്നും യാത്ര വിമാനങ്ങൾക്കും സാധാരണക്കാരുടെ ജീവിതത്തിനും ഭീഷണിയാകാമായിരുന്നെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.