കശ്മീരിൽ കാണാതായ സൈനികനെ അഞ്ചാം ദിവസം കണ്ടെത്തി
text_fieldsശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്ന് കാണാതായ സൈനികനെ കണ്ടെത്തി. കുൽഗാം സ്വദേശിയായ ജാവേദ് അഹമ്മദ് വാണിയെ ആണ് കണ്ടെത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. സൈനികനെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നും ആരാണ് തട്ടിക്കൊണ്ടു പോയത് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ആരോഗ്യ പരിശോധനക്ക് ശേഷം സൈനികനെ സേനയും പൊലീസും ചേർന്ന് സംയുക്ത ചോദ്യം ചെയ്യും.
വലിയ പെരുന്നാളിന് വീട്ടിലെത്തിയ അഹമ്മദ് വാണിയെ ജൂലൈ 29നാണ് സ്വദേശമായ കുൽഗാമിൽ നിന്ന് കാണാതായത്. ജോലിയിൽ തിരികെ പ്രവേശിക്കാൻ ലഡാക്കിലേക്ക് പോകാനിരിക്കെ തലേദിവസമാണ് സംഭവം. തുടർന്ന് അഷ്താലിലെ വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കാറിൽ പോയ അഹമ്മദ് വാണിയെ കുറിച്ച് വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകി.
പിന്നീട് നടത്തിയ തിരച്ചിലിൽ കാർ കണ്ടെത്തി. എന്നാൽ, കാറിൽ രക്തക്കറ പുരണ്ടിരുന്നു. ചെരുപ്പിൽ ഒരെണ്ണവും തൊപ്പിയും വാഹനത്തിന്‍റെ സമീപത്ത് ഉണ്ടായിരുന്നു. കൂടാതെ, ഭീകരർ തട്ടിക്കൊണ്ടു പോയതാണോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചു. ഇതേതുടർന്ന് സൈനികനായി ഊർജിത തിരച്ചിലാണ് സുരക്ഷാസേന നടത്തിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യുകയും കോൾ ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. കൂടാതെ, കാണാതായ മകനെ ജീവനോടെ വിട്ടയക്കണമെന്ന് സൈനികന്‍റെ പിതാവ് മുഹമ്മദ് അയൂബ് വാണി അഭ്യർഥിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.