യു.പിയിൽ കാണാതായ ദലിത് യുവതിയുടെ മൃതദേഹം മുൻ മന്ത്രിയുടെ മകന്റെ ആശ്രമത്തിൽ നിന്ന് കണ്ടെത്തി
text_fieldsഉന്നാവോയിൽ രണ്ട് മാസമായി കാണാതായ ദലിത് യുവതിയുടെ മൃതദേഹം സംസ്ഥാനത്തെ മുൻമന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെടുത്തു. സമാജ് വാദി മുൻ മന്ത്രിയായിരുന്ന ഫത്തേ ബഹദൂർ സിങിന്റെ മകൻ രാജോൾ സിങിനെ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ജനുവരി 24ന് തന്നെ അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണം ഇത്രയും വൈകിപ്പിച്ചതിന് പ്രദേശത്തെ സ്റ്റേഷൻ ഓഫീസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ സസ്‌പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസിന്‍റെ അലംഭാവത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 25ന് ലഖ്‌നോവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമാജ്‌വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ യുവതിയുടെ അമ്മ തീകൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ബന്ധുക്കളുടെ ആരോപണങ്ങളെ പൊലീസ് നിഷേധിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
പ്രതിയായ രാജോൾ സിങിനെതിരെ രൂക്ഷവിമർശനങ്ങളുമായി യുവതിയുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. യുവതിയെ കാണാതായതിനെ തുടർന്ന് ആശ്രമത്തിൽ താന്‍ പോയിരുന്നെന്നും അവിടുത്തെ മൂന്ന് നില കെട്ടിടം ഒഴികെയുള്ള മുഴുവൻ സ്ഥലവുമാണ് കാണിച്ച് തന്നതെന്നും യുവതിയുടെ അമ്മ ആരോപിച്ചു. പൊലീസുകാർ കേസിൽ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മകളെ ജീവനോടെ കണ്ടെത്താമായിരുന്നന്നും അവർ പറഞ്ഞു.
രാജോൾ സിംഗിനും പൊലീസുകാർക്കുമെതിരെ രണ്ട് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആർമി മേധാവിയായ ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.