കാണാതായ മകനെന്ന വ്യാജേന 41വർഷം ആഡംബര ജീവിതം; ഒടുവിൽ ജയിൽ
text_fieldsപട്ന: ധനികനായ ഭൂവുടമയുടെ കാണാതായ മകനെന്ന വ്യാജേന 41 വർഷത്തെ ആഡംബര ജീവിതം, തിരിച്ചെത്തിയയാൾ തന്റെ മകൻ അല്ലെന്ന് മാതാവ് പരാതി നൽകിയിട്ടും നാലു ദശാബ്ദക്കാലത്തോളം നീണ്ട കോടതി വ്യവഹാരം. അവിശ്വസനീയമായ ഈ സംഭവങ്ങൾക്കൊടുവിൽ ആൾമാറാട്ട കേസിൽ ദയാനന്ദ് ഗൊസൈൻ എന്നയാളെ ഏഴുവർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു. ത്രില്ലർ സിനിമയുടെ കഥയാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ബിഹാറിലെ നളന്ദ ജില്ലയിലെ മുർഗാവൻ എന്ന ഗ്രാമത്തിൽ നടന്ന അസാധാരണ സംഭവമാണിത്.
1977ലാണ് കാമേശ്വർ സിങ് എന്ന ഭൂവുടമയുടെ മകനായ കനയ്യ സിങ്ങിനെ (16) പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായത്. പിന്നീട് 1981ൽ 20 വയസ്സ് തോന്നിക്കുന്ന ഒരാൾ സമീപ ഗ്രാമത്തിലെത്തി. ഭൂവുടമയുടെ കാണാതായ മകനാണെന്ന് അവകാശപ്പെട്ടു. വിവരമറിഞ്ഞ് കാമേശ്വർ സിങ് യുവാവിനെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രായാധിക്യത്താൽ കാഴ്ചമങ്ങിയ കാമേശ്വർ സിങ് മറ്റുള്ളവരുടെ വാക്കുകേട്ട് മകനാണെന്ന് വിശ്വസിച്ചു. എന്നാൽ, കാമേശ്വർ സിങ്ങിന്റെ ഭാര്യ രാംസഖി ദേവി പൊലീസിൽ പരാതി നൽകി.
തലയുടെ ഇടതുഭാഗത്ത് മകനുണ്ടായിരുന്ന മുറിവിന്റെ പാട് ഇയാൾക്കില്ലെന്ന് രാംസഖി മൊഴി നൽകി. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. തുടർന്ന് കാമേശ്വർ സിങ്ങിനെ വിശ്വാസത്തിലെടുത്ത് കനയ്യ സിങ്ങായി ജീവിച്ചു. കോളജിൽ പോയി. വിവാഹം കഴിച്ചു. നാൽപതുവർഷത്തിനിടെ പല മേൽവിലാസത്തിലായി ജീവിച്ചു. 1991ൽ കാമേശ്വറും 1995ൽ ഭാര്യ രാംസഖി ദേവിയും മരിച്ചു.
കാമേശ്വർ സിങ്ങിന്റെ 37 ഏക്കർ സ്ഥലം ഇയാൾ വിറ്റു. ബംഗ്ലാവിന്റെ ഒരു ഭാഗം സ്വന്തമാക്കി. ഇതിനിടയിലും കാമേശ്വർ സിങ്ങിന്റെ മകളും മറ്റു മക്കളും നിയമപോരാട്ടം തുടർന്നു. സ്വത്ത് തട്ടിയെടുക്കാൻ നടന്ന ഗൂഢാലോചനയാണിതെന്നാണ് ആരോപണം. അപ്പോഴും ഡി.എൻ.എ പരിശോധനക്ക് തയാറാകാതെ വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കി ദയാനന്ദ് ഗൊസൈൻ എന്ന യഥാർഥ മേൽവിലാസം ഇല്ലാതാക്കാൻ ശ്രമിച്ചു.
വിചാരണക്കുശേഷം ജാമുവി ജില്ലയിൽനിന്നുള്ള ദയാനന്ദ് ഗൊസൈനാണ് ഇയാളെന്ന് കണ്ടെത്തിയ കോടതി ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഏഴുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ജഡ്ജ് മിശ്രയാണ് ശിക്ഷ വിധിച്ചത്. നാൽപതുവർഷത്തിനിടെ ഒരു ഡസനോളം ജഡ്ജിമാർ കേട്ട കേസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തുടർച്ചയായി 44 ദിവസം വാദം കേട്ടാണ് ഏപ്രിൽ ആദ്യം വിധി പറഞ്ഞത്.
എന്നാൽ, ഭൂവുടമയുടെ മകനാണെന്ന് അവകാശപ്പെട്ടില്ലെന്നും മകനായി സ്വീകരിക്കുകയായിരുന്നുവെന്നും തന്റെ പേര് കനയ്യ സിങ് എന്നാണെന്നുമായിരുന്നു ദയാനന്ദ് ഗൊസൈന്റെ വാദം. ആൾമാറാട്ട കഥയെക്കുറിച്ച് ദയാനന്ദ് ഗൊസൈന്റെ ഭാര്യക്കും മക്കൾക്കും അറിയില്ല. ഇപ്പോഴും യഥാർഥ കനയ്യ സിങ്ങിന് എന്തു സംഭവിച്ചുവെന്നും ആർക്കുമറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.