ഒരാഴ്ചത്തെ വനവാസം, കാടുവിട്ടിറങ്ങിയതും മയക്കുവെടി; രണ്ടാം ദൗത്യത്തിലും കീഴടങ്ങി അരിക്കൊമ്പൻ
text_fieldsകമ്പം (തമിഴ്നാട്): മേയ് 27നാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ജനങ്ങളെ മുൾമുനയിൽ നിർത്തിയത്. നിരവധി വാഹനങ്ങൾ തകർത്തും നാശനഷ്ടമുണ്ടാക്കിയും നീങ്ങിയ ആനയെ എത്രയും വേഗം മയക്കുവെടിവെച്ച് പിടികൂടാൻ ഇതോടെയായിരുന്നു വനംവകുപ്പ് തീരുമാനിച്ചത്. തൊട്ടടുത്ത ദിവസം തന്നെ 150ഓളം പേരടങ്ങിയ ദൗത്യസംഘവും മൂന്ന് കുങ്കിയാനകളും കൊമ്പനെ പിടിക്കാനായി കമ്പത്ത് സജ്ജരായി. എന്നാൽ, തൊട്ടുപിന്നാലെ വനത്തിലേക്ക് കയറിയ അരിക്കൊമ്പൻ ഒരാഴ്ചയോളം പുറത്തിറങ്ങിയില്ല.
കമ്പം മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു അരിക്കൊമ്പനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. മേയ് 27ന് കമ്പം ടൗണിലിറങ്ങിയ ആന അന്ന് ബൈപാസിലെ തെങ്ങിൻതോപ്പിൽ നിലയുറപ്പിച്ചു. കുങ്കിയാനകളും ദൗത്യസംഘവും സർവസന്നാഹവുമായി എത്തിയതോടെ ആന പതിയെ വനമേഖലയിലേക്ക് മാറുകയായിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരവഴി വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ പിന്നീട് ജനവാസമേഖലയിലേക്ക് ഇറങ്ങിവന്നില്ല. വനത്തിനുള്ളിൽവെച്ച് മയക്കുവെടി വെക്കാനുള്ള സാങ്കേതിക തടസങ്ങൾ വനംവകുപ്പിനും പ്രയാസമായി. ഇതിനിടെ ആന കൂടുതൽ ഉൾവനത്തിലേക്ക് കടന്നു. ഷൺമുഖനദി ഡാമിനോട് ചേർന്ന വനമേഖലയിലാണ് കൂടുതൽ ദിവസവും കഴിഞ്ഞത്.
നേരത്തെ, ദിവസവും കിലോമീറ്ററുകൾ സഞ്ചരിക്കാറുള്ള അരിക്കൊമ്പന്‍റെ സഞ്ചാരത്തിന് വേഗം കുറഞ്ഞതായി വനംവകുപ്പ് നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസങ്ങൾ ഷൺമുഖനദി ഡാമിനോട് ചേർന്ന് തന്നെയാണ് ആന ചെലവഴിച്ചത്. തുമ്പിക്കൈയിൽ പരിക്കേറ്റതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കാട്ടിനുള്ളിൽ കയറി ആനയെ നിയന്ത്രിക്കാൻ പരിചയസമ്പന്നരായ ആദിവാസി സംഘത്തെയും വനംവകുപ്പ് സ്ഥലത്തെത്തിച്ചിരുന്നു.
ജനവാസ മേഖലയിലിറങ്ങിയാൽ മാത്രം മയക്കുവെടിയെന്ന തീരുമാനത്തിലാണ് തമിഴ്നാട് വനംവകുപ്പ് എത്തിയത്. തുടർന്നായിരുന്നു ആനക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇതിനിടെ, ആനക്ക് പ്രിയപ്പെട്ട അരി, വാഴത്തടകൾ എന്നിവ കാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനൽകുകയും ചെയ്തു. ചിന്നമന്നൂർ ഭാഗത്തേക്കായിരുന്നു ആനയുടെ സഞ്ചാരം.
കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ അർധരാത്രിയോടെ അരിക്കൊമ്പൻ പൂശാനംപെട്ടി മേഖലയിൽ കൃഷിയിടത്തിലേക്കിറങ്ങിയത്. അവസരം പാഴാക്കാതെ സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പുലർച്ചെ 2.30ഓടെ ആദ്യ മയക്കുവെടി വെച്ചു. പിന്നീട് രണ്ടാമത്തെ ഡോസും മയക്കുവെടി നൽകി. മയങ്ങിയ ആനയെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ എലഫന്‍റ് ആംബുലൻസിൽ കയറ്റുകയായിരുന്നു.
ആനയെ എവിടേക്കാണ് മാറ്റുന്നത് എന്നത് സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് കൃത്യമായി വിവരം നൽകിയിട്ടില്ലെങ്കിലും തിരുനെൽവേലി വനത്തിലേക്ക് മാറ്റുമെന്നാണറിയുന്നത്. ആനയെ ആരോഗ്യപരിശോധന നടത്തിയ ശേഷമാകും തുറന്നുവിടുക.
ഏപ്രിൽ 29നായിരുന്നു അരിക്കൊമ്പനെ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വെച്ച് കേരള വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലയായ കമ്പത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.