യോഗിയെ താഴെയിറക്കാൻ ആണയിട്ട് 'മിഷൻ യു.പി'ക്ക് ആവേശത്തുടക്കം
text_fieldsമുസഫർ നഗർ: കേന്ദ്ര സർക്കാറിെൻറ വിവാദ കാർഷിക ബില്ലുകൾക്കെതിരെ ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കർഷകരുടെ വൻ പങ്കാളിത്തം. ഗവൺമെൻറ് ഇൻറർകോളജ് ഗ്രൗണ്ടിലായിരുന്നു സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച മഹാപഞ്ചായത്ത്.
അല്ലാഹു അക്ബർ, ഹര ഹര മഹാദേവ് എന്ന മുസഫർ നഗറിെൻറ പഴയ മുദ്രാവാക്യം രണ്ടര ലക്ഷത്തോളം കർഷകരെ ഏറ്റുവിളിപ്പിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാനുള്ള 'മിഷൻ യു.പി'ക്ക് സമരത്തിലൂടെ സംയുക്ത സമരസമിതി തുടക്കമിട്ടു.
ജാട്ട് ഹൃദയഭൂമിയിലെ സമീപ ജില്ലകളിൽ നിന്ന് ഒഴുകിയെത്തിയ ഹിന്ദുക്കളും മുസ്ലിംകളും തങ്ങളെ തമ്മിലടിപ്പിച്ച ബി.ജെ.പിയെ യു.പിയിൽ ഭരണത്തിൽനിന്നിറക്കുമെന്ന് കർഷക നേതാക്കൾക്ക് മുന്നിൽ ആണയിട്ടു. സെപ്റ്റംബർ 27ലേക്ക് ഭാരത് ബന്ദ് മാറ്റിയ വിവരം പ്രഖ്യാപിച്ച സംയുക്ത സമര സമിതി നേതാവ് ദർശൻ പാൽ മിഷൻ യു.പിക്കായുള്ള അടുത്ത മഹാ പഞ്ചായത്ത് ലഖ്നോവിൽ യോഗിയുടെ മുന്നിലായിരിക്കുമെന്നും അറിയിച്ചു. വോട്ടുകൊണ്ട് മൂന്നു കർഷക ബില്ലുകൾ അടക്കം എല്ലാ കൊള്ളരുതായ്മയും ന്യായീകരിക്കുന്ന മോദിയെയും യോഗിയെയും വോട്ടു കൊണ്ടുതന്നെ തോൽപിക്കാനുള്ളതാണ് മിഷൻ യു.പി എന്ന് സമരസമിതി നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
മുസ്ലിം ജാട്ട് നേതാവ് ഗുലാം മുഹമ്മദ് ജ്വാലയോട് അല്ലാഹു അക്ബർ വിളിച്ചുകൊടുക്കാൻ ആവശ്യപ്പെട്ട രാകേഷ് ടിക്കായത്തിനോട് തെൻറ ആരോഗ്യസ്ഥിതി അനുവദിക്കില്ലെന്ന് ജ്വാല പറഞ്ഞു. എങ്കിൽ താൻ തന്നെ വിളിച്ചുകൊടുക്കാമെന്നു പറഞ്ഞ് രാകേഷ് സദസ്സിനെക്കൊണ്ട് വിളിപ്പിക്കുകയായിരുന്നു.
ബി.ജെ.പിയെ തോൽപിച്ച പഞ്ചാബ് മോഡൽ നമ്മുടെ മുന്നിലുണ്ടെന്ന് മറ്റൊരു സമര നേതാവ് ബൽബീർ സിങ് രാജേവാൾ പറഞ്ഞു. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് മുസഫർ നഗറിലൊഴുക്കിയ ചോരക്ക് സാഹോദര്യം കൊണ്ട് കർഷകർ മനോഹരമായ മറുപടി തീർത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. ഗുർണാം സിങ് ചഡൂണി, പ്രഫസർ മഞ്ജീത് സിങ്, മേധാപട്കർ, ശിവ്കുമാർ കക്ക, അഭിമന്യു കോഹാർ, അമൃത് ഗിൽ, രഞ്ജിത് സിങ് രാജു തുടങ്ങിയവർ സംസാരിച്ചു. കർഷക സമരത്തിെൻറ മലയാളി മുഖം ബിജുവിെൻറ പ്രസംഗം മലയാളത്തിലായിരുന്നു.
ചൗധരി ചരൺ സിങ് കർഷക റാലികൾ നടത്തിയ മുസഫർ നഗറിലെ ജി.ഐ.സി ഗ്രൗണ്ടിലേക്ക് രാവിലെ ഏഴുമുതൽ തന്നെ യു.പിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരെത്തിത്തുടങ്ങിയിരുന്നു. രാവിലെ 10.30നാണ് മഹാ പഞ്ചായത്ത് തുടങ്ങിയത്. മുറാദാബാദ്, മുസഫർ നഗർ , ബാഗ്പത്, സഹാറൻപുർ, മീററ്റ് എന്നിവിടങ്ങളിൽനിന്നായിരുന്നു കർഷകർ കൂടുതലും എത്തിയത്. ഇവർക്കായി 3000 ലാങ്കറുകൾ (പൊതു അടുക്കള)സമര സമിതി ഒരുക്കി. 8000 പൊലീസിനെ യു.പി സർക്കാർ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.