വി.എച്ച്.പി യോഗത്തിൽ ജഡ്ജിമാർ: ഫോട്ടോ പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന്റെ അബദ്ധം, നടന്നത് രഹസ്യ ചർച്ച -അലോക് കുമാർ
text_fieldsന്യൂഡൽഹി: സംഘ്പരിവാര്‍ രഹസ്യയോഗത്തിൽ മുപ്പതോളം വിരമിച്ച സുപ്രീം കോടതി, ഹൈകോടതി ന്യായാധിപന്‍മാര്‍ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന് സംഭവിച്ച അബദ്ധമാണെന്ന് വി.എച്ച്.പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് അഡ്വ. അലോക് കുമാർ. വിവിധ കോടതികളിൽ കേസ് നിലനിൽക്കുന്ന വാരണാസി ഗ്യാന്‍വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹ് മസ്ജിദ്, വിവാദമായ വഖഫ് ഭേദഗതി ബില്‍ എന്നിവ ചര്‍ച്ചയായ വിവാദ സമ്മേളനം സംഘപരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നിയമവിഭാഗമാണ് നടത്തിയത്. കേന്ദ്ര നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്‌വാളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
‘മുൻ ജഡ്ജിമാർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അടച്ചിട്ട മുറിയിൽ നടന്ന രഹസ്യ പരിപാടിയാണിത്. നിയമമന്ത്രാലയം ഫോട്ടോ പരസ്യമാക്കിയത് അബദ്ധമായിപ്പോയി’ -അദ്ദേഹം പറഞ്ഞു. സെപ്തംബർ 8ന് ന്യൂഡൽഹിയിലായിരുന്നു ജഡ്ജിമാരുടെ മീറ്റിങ് സംഘടിപ്പിച്ചത്. ഇതേക്കുറിച്ച് അർജുൻ റാം മേഘ്‌വാളാണ് ജഡ്ജിമാരുടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തത്. എന്നാൽ, വഖഫ് ബില്ലും ക്ഷേത്ര-പള്ളി പ്രശ്നങ്ങളും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സ്വകാര്യ ഒത്തുചേരലായിരുന്നു പരിപാടിയെന്ന് അലോക് കുമാർ ‘ബാർ ആൻഡ് ബെഞ്ചി’നോട് പറഞ്ഞു.
'സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും വിരമിച്ച ജഡ്ജിമാരെ ഞങ്ങൾ ക്ഷണിച്ചിരുന്നു. വഖഫ് ബിൽ, ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കൽ, സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് കൈമാറൽ, മതപരിവർത്തനം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ന്യായാധിപന്മാരും വി.എച്ച്.പിയും തമ്മിൽ സ്വതന്ത്രമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്യുകയായിരുന്നു ലക്ഷ്യം’ -അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്‍വാൾ തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പരിപാടിയുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. "ഇന്ന് വിശ്വഹിന്ദു പരിഷത്തിൻ്റെ ലീഗൽ സെൽ സംഘടിപ്പിച്ച ജഡ്ജിമാരുടെ യോഗത്തിൽ പങ്കെടുത്തു. വികസിത ഇന്ത്യ സൃഷ്ടിക്കാനുള്ള ജുഡീഷ്യൽ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തി’ -എന്നായിരുന്നു മേഘ്‍വാളിന്റെ കുറിപ്പ്.
അതേസമയം, ഡൽഹി ഹൈകോടതിയിൽ സർവിസിലുള്ള രണ്ട് ജഡ്ജിമാരും പരിപാടിയിൽ പങ്കെടുത്തതായി വി.എച്ച്.പി ഭാരവാഹി തങ്ങളോട് പറഞ്ഞതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്തു. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ ഇക്കാര്യം നിഷേധിച്ചു.
आज विश्व हिंदू परिषद के विधि प्रकोष्ठ द्वारा आयोजित Judge’s Meet समारोह में सहभागिता करके विकसित भारत के निर्माण संबंधित न्यायिक सुधारो से जुड़े विषयों पर विस्तृत संवाद किया।
— Arjun Ram Meghwal (@arjunrammeghwal) September 8, 2024
इस अवसर पर विश्व हिंदू परिषद के अध्यक्ष श्री आलोक कुमार जी की गरिमामयी उपस्थित में सेवानिवृत्त… pic.twitter.com/4CSkoeuE0a
വിരമിച്ച ശേഷം അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന മധ്യപ്രദേശ് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ, വിരമിച്ച സുപ്രീം കോടതി ജഡ്ജമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നിലവിൽ ന്യൂ ഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (NDIAC) ചെയർപേഴ്‌സണാണ് ഹേമന്ത് ഗുപ്ത. ഇദ്ദേഹമായിരുന്നു 2022 ഒക്ടോബറിൽ വിദ്യാർഥികൾക്ക് ഹിജാബ് നിരോധിച്ചുള്ള കർണാടക സർക്കാരിൻ്റെ ഉത്തരവ് ശരിവച്ച് വിവാദ വിധി പ്രസ്താവിച്ചത്. സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളുകളിൽ മതേതര അന്തരീക്ഷം നിലനിർത്തുന്നതിനുമാണ് ഈ നീക്കമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സംഘ്പരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വി.എച്ച്.പി അനുഭാവമുള്ള ജഡ്ജിമാര്‍ ഒത്തുകൂടിയ യോഗത്തിൽ പ്രമുഖർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.