കോവിഡ്: ഓണത്തിന് കേരളത്തിൽ സംഭവിച്ച തെറ്റ് ദസ്റക്ക് മൈസൂരുവിൽ ആവർത്തിക്കരുതെന്ന് കർണാടക മന്ത്രി
text_fieldsബംഗളൂരു: മൈസൂരുവിൽ ദസ്റ ഉത്സവങ്ങൾ ആരംഭിക്കാനിരിെക്ക കോവിഡ് വ്യാപന മുന്നറിയിപ്പ് നൽകി കർണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ. കേരളത്തിൽ ഓണത്തിൻെറ സമയത്ത് സംഭവിച്ച തെറ്റുകൾ ദസ്റ ആഘോഷസമയങ്ങളിൽ മൈസൂരുവിൽ ആവർത്തിക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിന് ഓണം എന്നതുപോലെ കർണാടകയിൽ ദസ്റക്കും പ്രധാന്യമുണ്ട്. അതിനാൽ ലളിതവും എന്നാൽ അർത്ഥവത്തായതുമായി ദസ്റ ആഘോഷിക്കാനാണ് ഇത്തവണ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത്, പ്രത്യേകിച്ച് മൈസുരു ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് ദസ്റ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണം ആഘോഷവേളയിൽ കോവിഡ് പ്രോട്ടോക്കോളുകളിൽ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നൽകേണ്ടി വന്നു. അന്നത്തെ ശ്രദ്ധകുറവ് കാരണം കേരളത്തിൽ എല്ലാ ദിവസവും 7,000 - 8,000 കോവിഡ് കേസുകൾ വരെ രജിസ്റ്റർ ചെയ്യുന്നു. അത്തരമൊരു തെറ്റ് ഇവിടെ ഒഴിവാക്കേണ്ടതുണ്ട്. അതാണ് ഇത്തവണ ലളിതമായ ദസ്റ ആഘോഷിക്കാൻ തീരുമാനിച്ചതിന് കാരണം- മന്ത്രി സുധാകർ വിശദീകരിച്ചു.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മൈസൂരു ജില്ലാ അധികൃതർ എന്നിവരുമായും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദസ്റ ഉത്സവത്തിനുള്ള പ്ലാൻ ജില്ലാ ഭരണകൂടം തയാറാക്കണം. 65 വാർഡുകളും കോവിഡ് മുക്തമാക്കാൻ പരിശ്രമിക്കുകയും എല്ലാവർഡുകളും അണുവിമുക്തമാക്കുകയും ചെയ്യണം. കോവിഡ് നിയന്ത്രണത്തിനാകണം മുൻഗണന നൽകകേണ്ടതെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാർക്കും കോവിഡ് ലക്ഷണമുള്ളവർക്കും പരിശോധന നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള സജീകരണങ്ങൾ ഒരുക്കണം. സംസ്ഥാനത്തെ മരണനിരക്ക് 1.5 ശതമാനമാണെന്നിരിക്കെ മൈസൂരുവിൽ അത് 1.9 ശതമാനമാണ്. അതിനാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന ദസ്റ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. കോവിഡ് മൂലം ഈ വർഷം ദസ്റ ലളിതമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ച സർക്കാർ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന് ആനകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി, പ്രധാന തെരുവുകളിലൂെട അല്ലാെത ഘോഷയാത്ര കൊട്ടാരം പരിസരത്ത് മാത്രമായി നടക്കും. എന്നിരുന്നാലും, ആഘോഷങ്ങൾക്കായി ഇലക്ട്രിക് ലൈറ്റുകൾ ഉപയോഗിച്ച് നഗരത്തിലെ പ്രധാന തെരുവുകളും കെട്ടിടങ്ങളും മന്ദിരങ്ങളും അണിയിച്ചൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.