മിസ്ത്രിയുടെ മരണം: അപകടത്തിന് അഞ്ചു നിമിഷം മുമ്പ് കാർ ബ്രേക്കിട്ടിരുന്നു -ബെൻസ് റിപ്പോർട്ട്
text_fieldsമുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ അന്ത്യത്തിനിടയാക്കിയ കാറപകടത്തിൽ, അപകടത്തിൽ പെടുന്നതിന് അഞ്ചു നിമിഷം മുമ്പ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയിരുന്നതായി വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് അധികൃതർ. അപകടം അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ പാൽഘർ പൊലീസിന് ബെൻസ് അധികൃതർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
അപകടത്തിൽപെട്ട ബെൻസ് പരിശോധിക്കാൻ കമ്പനി നിയോഗിച്ച സംഘം ഹോങ്കോങ്ങിൽനിന്ന് തിങ്കളാഴ്ച മുംബൈയിലെത്തുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി അധികൃതർ, സ്വകാര്യതയും വിശ്വാസ്യതയും പരിഗണിച്ച് അന്വേഷണസംഘവുമായി മാത്രമേ വിവരങ്ങൾ പങ്കുവെക്കൂ എന്നും വിശദീകരിച്ചു.
ടാറ്റ ഗ്രൂപ് മുൻ ചെയർമാനായ സൈറസ് മിസ്ത്രി (54), സുഹൃത്ത് ജഹാംഗീർ പണ്ഡോളെ എന്നിവരാണ് ഇക്കഴിഞ്ഞ നാലിനുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.
''മെഴ്സിഡസ് ബെൻസ് അധികൃതർ അവരുടെ ഇടക്കാല റിപ്പോർട്ട് പൊലീസിന് നൽകിയിട്ടുണ്ട്. അപകടത്തിന് ഏതാനും നിമിഷങ്ങൾ മുമ്പുവരെ കാർ 100 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് പറയുന്ന റിപ്പോർട്ടിൽ, വാഹനം പാലത്തിന്റെ കൈവരിയിൽ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നുവെന്നും വ്യക്തമാക്കുന്നു. ഇടിക്കുന്നതിന് അഞ്ചു നിമിഷം മുമ്പാണ് ബ്രേക്ക് അമർത്തിയത്'' -പാൽഘർ എസ്.പി ബാലാസാഹെബ് പാട്ടീൽ പറഞ്ഞു.
റീജനൻ ട്രാൻസ്പോർട്ട് ഓഫിസ് സമർപ്പിച്ച റിപ്പോർട്ടിൽ, ഡ്രൈവർ സീറ്റിലെ മൂന്ന് എയർബാഗുകളും ഇടതുവശത്തെ സീറ്റിലെ ഒരു എയർബാഗും പ്രവർത്തിച്ചതായി പറയുന്നുവെന്നും എസ്.പി വിശദീകരിച്ചു.
താണെയിലെ മെഴ്സിഡസ് ഷോറൂമിലുള്ള കാർ തിങ്കളാഴ്ച പരിശോധിച്ചശേഷം കമ്പനി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാറിന്റെ ഇലക്ട്രോണിക് കൺട്രോൾ മോഡ്യൂൾ (ഇ.സി.എം) പരിശോധനക്കായി നേരത്തേ ജർമനിയിലേക്ക് അയച്ചിരുന്നു. ബ്രേക്ക് നഷ്ടമാകൽ, ബ്രേക്ക് ഫ്ലൂയിഡിന്റെ കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടായോ എന്ന് കണ്ടെത്താൻ ഇ.സി.എം പരിശോധന സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.