മെസേജ് സേവനങ്ങളുടെ ദുരുപയോഗം; നിർദേശങ്ങളുമായി ട്രായ്
text_fieldsന്യൂഡല്‍ഹി: മൊബൈൽ ഫോണിലെ മെസേജ് സേവനങ്ങളുടെ ദുരുപയോഗം തടയാൻ സേവനദാതാക്കൾക്ക് നിർദേശങ്ങളുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 140 സീരീസിൽ ആരംഭിക്കുന്ന വാണിജ്യകോളുകൾക്ക് മേൽ സെപ്റ്റംബർ 30ഓടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ അനുമതിയില്ലാതെ വിവിധ ലിങ്കുകൾ, ആപ്ലിക്കേഷനുകൾ, ഫോൺ നമ്പറുകൾ എന്നിവയടങ്ങുന്ന മെസേജുകൾ സെപ്റ്റംബർ ഒന്നുമുതൽ അനുവദിക്കില്ല. മാത്രമല്ല, അയക്കുന്ന ആൾ മുതൽ ലഭിക്കുന്ന ആൾവരെ മെസേജുകളുടെ സാങ്കേതിക വിവരമുൾപ്പെടെ നിരീക്ഷണത്തിന് വിധേയമാകും. സംശയാസ്പദമായ മെസേജുകൾ തടയും.
വിവിധ സേവനങ്ങൾക്കായി എസ്.എം.എസ് മാതൃക രജിസ്റ്റർ ചെയ്ത് അനുമതി നേടിയാൽ അതൊഴികെ മറ്റാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നില്ലെന്ന് സേവനദാതാക്കൾ ഉറപ്പുവരുത്തണം. അല്ലാത്തവരെ കരിമ്പട്ടികയിൽ പെടുത്തണം. ഇവരുടെ അനുമതി റദ്ദാക്കാനും നിയമനടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
എസ്.എം.എസ് സർവിസ് വഴി വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി പരാതി ഉയരുന്നതിനിടെയാണ് ട്രായ് ഇടപെടൽ. ബാങ്കിങ് സേവനങ്ങളടക്കമുള്ളവയുടെ പേരിൽ തട്ടിപ്പുകാരയക്കുന്ന മെസേജുകളിലൂടെ പലർക്കും വലിയ തുകകൾ നഷ്ടമായതായി പരാതികൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.