മിഥുൻ ചക്രവർത്തിയുടെ കൊലവിളി പ്രസംഗം; ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ വെട്ടിലായി ബി.ജെ.പി
text_fieldsകൊൽക്കത്ത: മുൻ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുൻ ചക്രവർത്തി മുസ്ലിംകളെ ലക്ഷ്യമിട്ട് നടത്തിയ കൊലവിളി പ്രസംഗത്തിൽ പശ്ചിമ ബംഗാളിൽ വെട്ടിലായി ബി.ജെ.പി. ഈമാസം 13ന് സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒക്ടോബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിൽ നടന്റെ വിദ്വേഷ പ്രസംഗം.
ബംഗാളിൽ അധികാരത്തിനുവേണ്ടി പാർട്ടി എന്തിനും തയാറാണെന്നും നിങ്ങളെ (മുസ്ലിംകളെ) വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്റെ പരാമർശം.
സീതായ്, മദാരിഹത്ത്, നൈഹാത്തി, ഹരോവ, മേദിനിപൂർ, തൽദൻഗ്ര എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മദാരിഹത്ത് ഒഴികെ അഞ്ചിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. രണ്ടു സീറ്റെങ്കിലും ടി.എം.സിയിൽനിന്ന് പിടിച്ചെടുക്കാമെന്ന പാർട്ടി കണക്കുകൂട്ടലുകൾക്ക് മിഥുന്റെ വിദ്വേഷ പരാമർശം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി. ന്യൂനപക്ഷ വോട്ടുകൾ ഉൾപ്പെടെ പാർട്ടിയെ കൈവിട്ടേക്കുമെന്ന് ബി.ജെ.പി ഭയക്കുന്നു. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീർ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മിഥുന്റെ പരാമർശം.
‘ഹുമയൂൺ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജി എന്തെങ്കിലും പറയുമെന്ന് കരുതി. എന്നാൽ, അവർ അത് ചെയ്തില്ല. അതുകൊണ്ട് ഇപ്പോൾ ഞാൻ പറയുന്നു, ഞങ്ങൾ അവരെ വെട്ടിയിട്ട് മണ്ണിനടിയിൽ കുഴിച്ചുമൂടും’ -മിഥുൻ ചക്രവർത്തി പറഞ്ഞു.
തങ്ങളുടെ മരത്തിൽനിന്ന് ഒരു പഴം മുറിച്ചാൽ പകരം നിങ്ങളുടെ നാല് പഴങ്ങൾ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാൽ മൃതദേഹം (മുസ്ലിംകളുടെ) അവിടെ സംസ്കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാൻ തങ്ങൾ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.