കേന്ദ്രസർക്കാർ മണിപ്പൂരിൽ പള്ളികൾ തകർക്കുന്നതിനെ പിന്തുണക്കുന്നു; മിസോറാം ബി.ജെ.പി വൈസ് പ്രസിഡന്റ് രാജിവെച്ചു
text_fieldsന്യൂഡൽഹി: മിസോറാം ബി.ജെ.പി വൈസ് പ്രസിഡന്റ് ആർ. വന്‍റാംചുവാംഗ രാജിവെച്ചു. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികളെ തകർക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണക്കുകയാണെന്ന് ആരോപിച്ചാണ് രാജി. 357 പള്ളികളും പാസ്റ്റർമാരുടെ ക്വാർട്ടേഴ്സുകളും ഓഫീസുകളും ഇതുവരെ മെയ്തേയി തീവ്രവാദികൾ തകർത്തെന്ന് അദ്ദേഹം ആരോപിച്ചു.
ക്രിസ്ത്യാനികൾക്കെതിരെയും ക്രിസ്ത്യൻ മതത്തിനുമെതിരെ നടക്കുന്ന അനീതിയിൽ പ്രതിഷേധിച്ച് താൻ രാജിവെക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് നൽകിയ കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പള്ളികൾ കത്തിക്കുന്നതിനെ അപലപിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് തെളിയിക്കുന്നതാണ് ഇത്.
ബി.ജെ.പി മണിപ്പൂരിൽ ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ സംസ്ഥാന കേന്ദ്ര നേതാക്കൾ ആക്രമണങ്ങളെ അപലപിക്കേണ്ടതായിരുന്നു. ഇരകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ അവർ സ്വീകരിക്കണമായിരുന്നു. മിസോറാം ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാണ്. ഇവിടത്തെ ചില ആളുകൾ ബി.ജെ.പിയെ ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയായാണ് കണ്ടിരുന്നത്. മണിപ്പൂരിലെ സംഭവത്തിന് ശേഷം കൂടുതൽ ആളുകൾ ബി.ജെ.പിയെ അങ്ങനെയാണ് കാണുന്നത്. ക്രിസ്ത്യൻ സഭകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ തനിക്ക് ഇനിയും ബി.ജെ.പിക്കൊപ്പം തുടരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.