മിസോറമിലെ വോട്ടെണ്ണൽ മറ്റൊരു ദിവസത്തേക്ക് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
text_fieldsഐസ്‍വാൾ: സംസ്ഥാനത്തെ വോട്ടെണ്ണൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറം എൻ.ജി.ഒ കോ ഓർഡിനേഷൻ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. അഞ്ചംഗ എൻ.ജി.ഒ കോ ഓർഡിനേഷൻ സംഘമാണ് ഈയാവശ്യവുമായി ഡൽഹിയിലെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെ കണ്ടത്. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
ഡിസംബർ മൂന്ന് ഞായറാഴ്ച ക്രിസ്തുമത വിശ്വാസികൾക്ക് പവിത്രമായ ദിനമായതിനാലാണ് വോട്ടെടുപ്പ് മാറ്റാൻ ആവശ്യപ്പെട്ടത്. മിസോറമിലെ സിവിൽ സൊസൈറ്റികളുടെയും വിദ്യാർഥിസംഘടനകളുടെയും കൂട്ടായ്മയാണ് എൻ.ജി.ഒ.സി.സി. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ തീയതി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. വോട്ടെണ്ണൽ മാറ്റിവെക്കാനായി പ്രതിഷേധം നടത്തുമെന്നും നേരത്തേ സംഘം അറിയിച്ചിരുന്നു. തങ്ങളുടെ ശ്രമത്തിന് പിന്തുണ അറിയിച്ച മിസോറമിലെ ജനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും ചർച്ച് അധികൃതർക്കും സംഘം നന്ദിയറിയിച്ചു.
40 അംഗ നിയമസഭമണ്ഡലങ്ങളിലേക്കാണ് മിസോറമിൽ നവംബർ ഏഴിന് തെരഞ്ഞെടുപ്പ് നടന്നത്. 8.57 വോട്ടർമാരിൽ 80 ശതമാനം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. 174 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2011ലെ സെൻസസ് അനുസരിച്ച് മിസോറമിൽ 87 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.