മിസോറം മുഖ്യമന്ത്രിയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsഐസോൾ: മിസോറം മുഖ്യമന്ത്രി സോറംതംഗയുടെ മൂത്ത സഹോദരി ലാൽവുആനി കോവിഡ് ബാധിച്ചു മരിച്ചു. തലസ്ഥാനമായ ഐസോളിനടുത്തുള്ള സോറം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു 88കാരിയായ ലാൽവുആനി. സഹോദരിയുടെ വിയോഗം മുഖ്യമന്ത്രിതന്നെയാണ് ട്വീറ്റ് ചെയ്തത്. ആസ്ത്മയും വാർധക്യസഹജമായ പ്രയാസങ്ങളുംമൂലം ശയ്യാവലംബയായിരുന്നു ലാൽവുആനി. കഴിഞ്ഞയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
മിസോറാമിൽ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 11.2 ലക്ഷം മാത്രം ജനസംഖ്യയുള്ള മിസോറാമിൽ 14,746 പേരാണ് നിലവിൽ രോഗികളായുള്ളത്. സജീവ രോഗികളുടെ എണ്ണത്തിൽ കേരളവും മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ നാലാമത് മിസോറാമാണ്. കേരളത്തിൽ 1,57,158ഉം മഹാരാഷ്ട്രയിൽ 37,000ഉം തമിഴ്നാട്ടിൽ 17,285ഉം പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് 31.77 ശതമാനമാണ് മിസോറാമിലെ ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക്. 1659 പേരെ പരിശോധിച്ചപ്പോൾ 527 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതിൽ 131ഉം കുട്ടികളാണ്. സെപ്റ്റംബർ 25ന് 1478 പുതിയ രോഗികളാണുണ്ടായത്. 24ന് 1322ഉം, 23ന് 1257ഉം ആയിരുന്നു. സെപ്റ്റംബർ 20ന് 1731 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയിൽ പ്രതിദിന ശരാശരി രോഗികൾ 1281 ആണ്.
ഇതുവരെ ആകെ 88,693 പേർക്കാണ് മിസോറാമിൽ കോവിഡ് ബാധിച്ചത്. ഇതിൽ 73,646 പേരും രോഗമുക്തി നേടി. 301 പേർ മരിക്കുകയും ചെയ്തു. ഇന്ന് ആറ് പേരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിന് ശേഷം ഇവിടെ കോവിഡ് രോഗികളിൽ വർധനവാണ് രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.