38 ഭാര്യമാർ, 89 മക്കൾ, 33 പേരമക്കൾ- ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബനാഥൻ വിടവാങ്ങി
text_fieldsന്യൂഡൽഹി: ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച് ചരിത്രത്താളുകളിൽ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഞായറാഴ്ച വൈകുന്നേരം ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം. പ്രമേഹവും രക്താതിസമ്മർദവും മൂർഛിച്ച് മൂന്നു ദിവസമായി വീട്ടിൽ ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂർഛിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുെമ്പ മരണം സ്ഥിരീകരിച്ചു.
വലിയ കുടുംബവുമായി കഴിയുന്ന സിയോണ ചന വാർത്തകളിൽ ഇടംപിടിച്ചതോടെ മിസോറാമിലെ ബാക്തോങ് ലാങ്ന്വാം ഗ്രാമം ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായിരുന്നു. പിതാവ് 1942ൽ സ്ഥാപിച്ച പ്രത്യേക ക്രിസ്ത്യൻ വിശ്വാസ വിഭാഗത്തിന്‍റെ നേതാവ് കൂടിയായിരുന്നു സിയോന. അംഗങ്ങൾക്ക് ബഹുഭാര്യത്വം അനുവദിക്കുന്ന ഈ വിഭാഗത്തിൽ 400 അംഗങ്ങളാണുള്ളത്.
1945ൽ ജനിച്ച അദ്ദേഹം 17ാം വയസ്സിലാണ് തന്നെക്കാൾ മൂന്നു വയസ്സ് കൂടുതലുള്ള ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. 2004ലാണ് അവസാന ഭാര്യ ജീവിതത്തിന്‍റെ ഭാഗമാകുന്നത്. കുടുംബ സമേതം 100 മുറികളുള്ള നാലു നില വീട്ടിലായിരുന്നു താമസം. ചുവാൻ താർ റൺ എന്നു പേരിട്ട ഈ വസതിയും അതിലെ കുടുംബവുമായിരുന്നു വിനോദസഞ്ചാരികളൂടെ പ്രധാന ആകർഷണം. മൊത്തം 180 അംഗങ്ങളാണ് ഈ വീട്ടിലുള്ളത്.
കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം സ്വന്തമായി മുറികളുണ്ടെങ്കിലും പൊതുവായ അടുക്കളയിലാണ് ഭക്ഷണം വിളമ്പുന്നത്. സ്വന്തം അധ്വാനത്തിൽനിന്നുള്ള വരുമാനവും സംഭാവനകളുമാണ് കുടുംബത്തെ നിലനിർത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.