‘മി ടൂ’ വലയിൽ എം.ജെ. അക്ബറും നടൻ മുകേഷും
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: പ്രമുഖരുടെ ലൈംഗികാതിക്രമങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വെളിെപ്പടുത്തുന്ന ‘മി ടൂ’ കാമ്പയിനിൽ കേന്ദ്ര വിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബർ, നടനും കൊല്ലം എം.എൽ.എയുമായ മുകേഷ് എന്നിവർക്കെതിരെയും ആരോപണം. മുതിർന്ന മാധ്യമ പ്രവർത്തക പ്രിയ രമണിയാണ് എം.ജെ. അക്ബർ തനിക്കെതിരെ ഹോട്ടൽ മുറിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. ഇതിനുപിറകെ അക്ബറിനെതിരെ സമാന വെളിപ്പെടുത്തലുമായി മറ്റ് വനിത മാധ്യമ പ്രവർത്തകരും രംഗത്തുവന്നു. പ്രതിപക്ഷം ഇൗ വിഷയത്തിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ പ്രതികരിച്ചിട്ടില്ല.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയവിവരം ട്വീറ്റ് ചെയ്തത്.19 വർഷം മുമ്പ് ‘കോടീശ്വരൻ’ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെയാണ് മുകേഷ് മോശമായി പെരുമാറിയതെന്ന് ടെസ് പറയുന്നു.
പ്രമുഖരുടെ പേര് വെളിപ്പെടുത്തി രാജ്യത്തെ പിടിച്ചുലച്ച കാമ്പയിനാണ് ഒടുവിൽ കേന്ദ്ര മന്ത്രിസഭയിലെ അംഗത്തെയും പിടികൂടിയത്. ‘ദ ടെലിഗ്രാഫ്’ സ്ഥാപക പത്രാധിപരും ‘ഏഷ്യൻ ഏജ്’ സ്ഥാപകനുമാണ് എം.ജെ. അക്ബർ. മാധ്യമപ്രവർത്തകനായിരിക്കെ അദ്ദേഹം നിരവധി വനിത സഹപ്രവർത്തകർക്കു നേരെ നടത്തിയ ലൈംഗിക അതിക്രമങ്ങളാണ്ഇപ്പോൾ ‘മി ടൂ’ കാമ്പയിനിലൂടെ പുറത്തുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അക്ബറിെൻറ ലൈംഗിക അതിക്രമത്തെക്കുറിച്ച് പ്രിയ രമണി ലേഖനമെഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിെൻറ പേര് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശക്തിപ്പെട്ട ‘മി ടൂ’ കാമ്പയിെൻറ ഭാഗമായി ‘താനെഴുതിയ ആൾ അക്ബറാണെ’ന്ന് പ്രിയ ട്വിറ്ററിൽ വെളിപ്പെടുത്തുകയായിരുന്നു. മുംബൈയിൽ അഭിമുഖത്തിനെന്നു പറഞ്ഞ് തന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് അക്ബർ വിളിച്ചുവെന്നും ഒടുവിൽ രക്ഷപ്പെടുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
പ്രേരണ സിങ് ബിന്ദ്ര, ഹരീന്ദർ ബവേജ, ഷുമ റാഹ, സുജാത ആനന്ദൻ, തേജസ്വി ഉഡുപ എന്നിവരും സമാന പരാതികളുമായി അക്ബറിനെതിരെ രംഗത്തെത്തി. ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവെയാണ് മുകേഷിെൻറ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് ടെസ് പറഞ്ഞു. അവതാരകനായ മുകേഷ് തെൻറ മുറിയിലേക്ക് പലവട്ടം ഫോണ്‍ ചെയ്തു. വിളി തുടർന്നപ്പോൾ താൻ സുഹൃത്തിെൻറ മുറിയിലേക്ക് മാറി. അടുത്ത ചിത്രീകരണസമയത്ത് മുകേഷ് ഇടപെട്ട് തെൻറ മുറി മുകേഷിെൻറ മുറിയുടെ അടുത്തേക്ക് മാറ്റിയെന്നും ടെസ് ജോസഫ് ആരോപിച്ചു. പരിപാടി നടത്തിയ സ്ഥാപന ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് നടനിൽനിന്ന് അന്ന് രക്ഷിച്ചതെന്നും ടെസ് ട്വീറ്റില്‍ വ്യക്തമാക്കി. ഇത് മലയാള നടന് മുകേഷാണോ എന്ന ട്വിറ്ററിലെ ചോദ്യത്തിന് രാഷ്ട്രീയക്കാരനും നടനുമായ മുകേഷാണെന്ന് ചിത്രം സഹിതം ടെസ് കമൻറ് ചെയ്തു. ആരോപണം മുകേഷ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.