തിരുവള്ളുവർക്ക് കാവി ചായംപൂശാൻ ശ്രമിക്കുന്നവരെ വിരട്ടിയോടിക്കും -സ്റ്റാലിൻ
text_fieldsകന്യാകുമാരി: തമിഴ് പുരാതനകവി തിരുവള്ളുവർക്ക് കാവിചായം പൂശാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ വിരട്ടിയോടിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരുവള്ളുവർ വെറും ശിലയോ തിരുക്കുറൾ വെറും പുസ്തകമോ അല്ല; മറിച്ച് ജീവിതത്തെ നേരിടാനുള്ള വാളും പരിചയുമാണ്. കന്യാകുമാരി കടൽത്തീരത്ത് തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്‍റെ രജതജൂബിലി ആഘോഷത്തിൽ രണ്ടാം ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1975ൽ തിരുവള്ളുവർ പ്രതിമ സ്ഥാപിക്കാൻ അന്നത്തെ മന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രതിസന്ധികൾ കടന്ന് 2000ത്തിൽ പ്രതിമ സ്ഥാപിക്കാൻ കരുണാനിധി കാരണക്കാരനായെങ്കിലും പ്രതിമക്ക് ജീവൻ നൽകിയത് പ്രമുഖ ശില്പി ഗണപതി സ്തപതിയാണ്. 500 ശില്പികൾ 7000 ടൺ ഭാരമുള്ള 3683 കൽപാളികൾ കൊണ്ടാണ് 133 അടി പൊക്കത്തിൽ ശില്പം പണിതത്. തിരുക്കുറളും തിരുവള്ളുവരും കരുണാനിധിക്ക് ഒരുതരത്തിലുള്ള വികാരമായിരുന്നു. തിരുക്കുറളിന്‍റെ ഈരടികൾ സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലും എഴുതിവെക്കാൻ തയാറാകണം. തിരുവള്ളുവർ തമിഴകത്തിന്‍റെ അടയാളമാണ്. അത് സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.