ഗവർണറുടെ ചായ സത്ക്കാരം ബഹിഷ്ക്കരിച്ച് സ്റ്റാലിനും മന്ത്രിമാരും
text_fieldsചെന്നൈ: ഗവർണർ ആർ.എൻ രവിയുടെ ചായ സൽക്കാരം ബഹിഷ്ക്കരിച്ച് ഡി.എം.കെ മുന്നണി. മന്ത്രിമാരായ തങ്കം തെന്നരസു, എം. സുബ്രമണ്യൻ എന്നിവരാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
രാജ്ഭവനിൽ ചെന്ന് ഗവർണറെ നേരിൽ കണ്ട് തമിഴ്നാട് സർക്കാറിന്‍റെ നിലപാട് അറിയിച്ചതായും തമിഴ്നാട് നിയമസഭയുടെ പ്രതിച്ഛായ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മന്ത്രിമാരും ചടങ്ങിൽനിന്ന് വിട്ടുനിൽക്കും. ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും മന്ത്രിമാർ ആരോപിച്ചു.
തമിഴ് പുതുവർഷാരംഭ ദിനമായ വ്യാഴാഴ്ച വൈകീട്ടാണ് രാജ്ഭവൻ അങ്കണത്തിൽ മഹാകവി സുബ്രമണ്യ ഭാരതിയാരുടെ പ്രതിമ അനാഛാദന ചടങ്ങും ഇതോടനുബന്ധിച്ച ചായ സത്കാരവും നടന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മന്ത്രിമാർക്കും രാഷ്ട്രീയകക്ഷി പ്രതിനിധികൾക്കും നിയമസഭ- പാർലമെന്‍റ് അംഗങ്ങൾക്കുമാണ് ക്ഷണമുണ്ടായിരുന്നത്.
എന്നാൽ പരിപാടി ബഹിഷ്ക്കരിക്കുമെന്ന് ഡി.എം.കെ സഖ്യകക്ഷികളായ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിപക്ഷ കക്ഷികളായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ഗവർണറുടെ വിരുന്നിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
നീറ്റ് റദ്ദാക്കൽ ഉൾപ്പെടെ മൊത്തം പത്തിലധികം ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തതാണ് തീരുമാനത്തിന് കാരണമായത്. സർക്കാറിന്‍റെ നയങ്ങൾക്ക് വിരുദ്ധമായി ഗവർണർ പൊതുചടങ്ങുകളിൽ പ്രസ്താവന നടത്തിയിരുന്നത് ഡി.എം.കെ കേന്ദ്രങ്ങളിൽ അസ്വസ്ഥത പടർത്തിയിരുന്നു. ചില സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിലും ഗവർണർ ഏകപക്ഷീയമായ തീരുമാനമെടുത്തതിൽ ഭരണമുന്നണിക്ക് കടുത്ത അസംതൃപ്തിയുണ്ട്. തമിഴ്നാട് ഗവർണറെ ഉടൻ പിൻവലിക്കണമെന്ന് പാർലമെന്‍റിൽ ഈയിടെ ഡി.എം.കെ എം.പിമാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.