ചെന്നൈ തുറമുഖത്ത് നിന്ന് വിനോദ സഞ്ചാര ആഡംബര കപ്പൽ സർവീസ് സ്റ്റാലിൻ ഫ്ലാഗ്ഓഫ് ചെയ്തു
text_fieldsചെന്നൈ: ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ തുറമുഖത്ത് നിന്ന് പുതുതായി ആരംഭിച്ച ആഡംബര ക്രൂയിസ് കപ്പൽ സർവീസ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഫ്ലാഗ്ഓഫ് ചെയ്തു. തമിഴ്നാട് വിനോദ സഞ്ചാര വകുപ്പും കോർഡെലിയ ക്രൂയിസ് കമ്പനിയും ചേർന്നാണ് കപ്പൽ യാത്ര ഒരുക്കുന്നത്.
ചെന്നൈ തുറമുഖത്തു നിന്ന് പുതുച്ചേരിയിലേക്കും തിരിച്ചു ചെന്നൈ തുറമുഖത്തേക്കുമായി രണ്ടുദിവസത്തെയും ചെന്നൈ തുറമുഖത്തു നിന്ന് വിശാഖപട്ടണത്തിലേക്കും അവിടെ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ച് ചെന്നൈയിലേക്കുമായി അഞ്ച് ദിവസം എന്നിങ്ങനെ രണ്ട് പാക്കേജുകളിലായാണ് ആഡംബരക്കപ്പൽ സർവീസ് നടത്തുക.
700 അടി നീളമുള്ള കപ്പലിൽ 11 നിലകളിലായി മൊത്തം 796 മുറികളുണ്ട്. ഇവ കൂടാതെ നാല് വലിയ മൾട്ടി ക്യുസിൻ റെസ്റ്റോറന്‍റുകൾ, ഒരു ബാർ, ഒരു ജിം, ഒരു സ്പാ, ഒരു മസാജ് സെന്‍റർ, നീന്തൽക്കുളം, കുട്ടികളുടെ കളിസ്ഥലം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന വിനോദ സൗകര്യങ്ങളുണ്ട്. ഒരേ സമയം ആയിരം പേർക്ക് ഇരിക്കാവുന്ന ഗാലറിയുമുണ്ട്. 1500 മുതൽ 2000 വരെ യാത്രക്കാരും 800 ജീവനക്കാരും കപ്പലിൽ ഉണ്ടാകും.
ആദ്യഘട്ടത്തിൽ ഒരു കപ്പൽ മാത്രമാണ് സർവീസ് നടത്തുക. 2025ഓടെ മൂന്നെണ്ണം കൂടി കമീഷൻ ചെയ്യുമെന്നും ടൂറിസം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.