ഡി.എം.കെ എം.എൽ.എമാരുമായി ചർച്ച നടത്തിയെന്ന പളനിസ്വാമിയുടെ അവകാശവാദം തള്ളി സ്റ്റാലിൻ
text_fieldsചെന്നൈ: 10 ഭരണപക്ഷ എം.എൽ.എമാർ തന്നോട് ചർച്ച നടത്തി എന്ന എ.ഐ.എ.ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാടിനെ എല്ലാവിധത്തിലും മുൻപന്തിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് പളനിസ്വാമി ഇത്തരം തമാശയുമായി രംഗത്തുവരുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ തന്നെ അദ്ദേഹത്തോട് സംസാരിക്കാത്തപ്പോഴാണ് ഡി.എം.കെ എം.എൽ.എമാരെക്കുറിച്ച് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാണിജ്യനികുതി മന്ത്രി പി. മൂർത്തിയുടെ മകന്റെ വിവാഹ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡി.എം.കെ എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെടുകയായിരുന്നു. ഇന്ന് പാർട്ടിയെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളാണ് നയിക്കുന്നത്, ഇ.പി.എസ് ഉം ഒ.പി.എസ് ഉം. എ.ഐ.എ.ഡി.എം.കെയിലെ പളനിസ്വാമിയുടെ അധ്യക്ഷ സ്ഥാനം താൽകാലികം മാത്രമാണ്. തന്റെ പാർട്ടിയിൽതന്നെ താൽക്കാലിക ജോലിയുള്ള ഒരാൾക്ക് എങ്ങനെ മറ്റൊരു പാർട്ടിയെ വിമർശിക്കാൻ കഴിയും?' -സ്റ്റാലിൻ ചോദിച്ചു. ഇത്തരം പ്രസ്താവനകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രവർത്തകരോട് പറഞ്ഞ സ്റ്റാലിൻ നമ്മളെ തെരഞ്ഞെടുത്തിരിക്കുന്നത് നല്ലത് ചെയ്യാനാണെന്നും അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാം എന്നും പറഞ്ഞു.
നേരത്തെ ഡി.എം.കെയെ കോർപറേറ്റ് കമ്പനി എന്നും കുടുംബപാർട്ടി എന്നും വിശേഷിപ്പിച്ച എടപ്പാടി പളനിസ്വാമി ഡി.എം.കെയിലെ 10 എം.എൽ.എമാർ തന്നോട് ചർച്ചനടത്തി എന്ന് അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.