ഡി.എം.കെ ക്ഷേത്രങ്ങൾ കൈയേറിയെന്ന പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: ഡി.എം.കെ ക്ഷേത്രങ്ങൾ കൈയേറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾ നിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രിയുടെ ആരോപണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി തമിഴ്നാട് സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്.
"ഞാൻ ഈ ആരോപണം നിഷേധിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ഡി.എം.കെ അധികാരത്തിൽ വന്നതിന് ശേഷം ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും ക്ഷേത്ര വരുമാനം ദുരുപയോഗം ചെയ്തുവെന്നും പറഞ്ഞ് നുണ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ആർക്ക് വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിക്കുന്നത്? ആരുടെ ശബ്ദമാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നത്?" -സ്റ്റാലിൻ ചോദിച്ചു.
മധ്യപ്രദേശോ ആൻഡമാൻ നിക്കോബാർ ദ്വീപുകളോ തെലങ്കാനയോ സന്ദർശിക്കുമ്പോൾ പോലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ തമിഴ്‌നാടിനെക്കുറിച്ചുള്ള നിരന്തരമായ പരാമർശങ്ങൾ ഉണ്ടാവുന്നതായി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാടിനെ കുറിച്ചുള്ള കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ചർച്ച ചെയ്യുന്നത് ഉചിതമാണോ എന്നും സ്റ്റാലിൻ ചോദിച്ചു.
രണ്ട് വർഷത്തിനിടെ 3,500 കോടി രൂപയുടെ ക്ഷേത്രഭൂമി വീണ്ടെടുത്തതും ആയിരം ക്ഷേത്രങ്ങൾക്ക് കുംഭോത്സവം സംഘടിപ്പിച്ചതും പുരാതനമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് 100 കോടി രൂപ അനുവദിച്ചതും ഉൾപ്പടെ സർക്കാർ ചെയ്ത കാര്യങ്ങൾ സ്റ്റാലിൻ വിശദീകരിച്ചു.
പ്രധാനമന്ത്രിക്കാണ് പിഴവ് സംഭവിച്ചതെന്നും ഡി.എം.കെ എല്ലാവരുടെയും നന്മക്കായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ 1250 ആരാധനാലയങ്ങളും 1250 ഗ്രാമക്ഷേത്രങ്ങളും ഉൾപ്പെടെ 5078 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.