കേന്ദ്രത്തിന്‍റെ പോരായ്മകളെ മറച്ചുവെക്കാനുള്ള ബി.ജെ.പിയുടെ ആയുധമാണ് മതം- എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: ഭരണകക്ഷിയായ ബി.ജെ.പിയുടെ വിദ്വേഷ-വിഭാഗീയ നയങ്ങളിൽ കീഴപ്പെട്ടു പോയ മണിപ്പൂരിനേയും ഹരിയാനയേയും പോലെ രാജ്യം മാറാതിരിക്കാൻ വരുന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വിജയിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പുതുതായി ആരംഭിച്ച 'സ്പീക്കിങ് ഫോർ ഇന്ത്യ പോഡ്കാസ്റ്റ്' സീരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 മുതൽ ബി.ജെ.പി ജനങ്ങൾക്ക് പല വാഗ്ധാനങ്ങളും നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും നടപ്പാക്കിയിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തേയും സ്റ്റാലിൻ വിമർശിച്ചു. ബി.ജെ.പി സാധാരണക്കാരായ ജനങ്ങളുടെ മനസിലേക്ക് വിദ്വേഷത്തിന്‍റെ വിത്ത് വിതറുകയാണ്. ജി.എസ്.ടി പോലുള്ള നയങ്ങൾ കൊണ്ട് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ സർക്കാരിന്‍റെ പോരായ്മകളെ മറയ്ക്കാനും ആളുകളുടെ മതവികാരം ആളിക്കത്തിക്കാനും ബി.ജെ.പി മതത്തെ ആയുധമാക്കി മാറ്റുകയാണ്. ഗുജറാത്ത് മോഡൽ എന്ന അവകാശവാദത്തിന്‍റെ മറവിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിന്‍റെ അന്ത്യം അടുത്തെത്തിയിട്ടുണ്ട്. 2002ൽ ബി.ജെ.പി ഗുജറാത്തിൽ വിദ്വേഷത്തിന്‍റെ വിത്ത് പാകി. 21 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അത് ഒരു സംസ്ഥാനത്തെയാകെ ചുട്ട്ചാമ്പലാക്കും വിധം മണിപ്പൂരിൽ ആളിക്കത്തുകയാണ്. അതേസമയം ഹരിയാനയിൽ സാധാരണക്കാരുടെ ജീവനും സ്വത്തും കവരുന്ന മതഭ്രാന്ത് തുടരുകയാണ്. ഈ മതഭ്രാന്തിനെ ഇപ്പോൾ പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിൽ പിന്നീട് ഒരിക്കലും അതിന് സാധിച്ചെന്ന് വരില്ല. സാമൂഹ്യനീതി, മതസൗഹാർദ്ദം, മതേതര രാഷ്ട്രീയം, സോഷ്യലിസം, തുല്യത, സാമൂഹിക സൗഹാർദ്ദം, സംസ്ഥാന സ്വയംഭരണം, ഫെഡറലിസം, നാനാത്വത്തിൽ ഏകത്വം എന്നിവയടങ്ങിയതാണ് യഥാർത്ഥ ഇന്ത്യ. അത്തരമൊരു ഇന്ത്യയെ പുനർജനിപ്പിക്കുന്നതിനാണ് ഇൻഡ്യ എന്ന സംഖ്യത്തെ രൂപപ്പെടുത്തിയത്. ഈ ഇൻഡ്യ സഖ്യമാണ് ഇന്ത്യയെ രക്ഷിക്കുക. ബി.ജെ.പിയുടെ വിദ്വേഷ-വിഭാഗീയ നയങ്ങളിൽ കീഴപ്പെട്ടു പോയ മണിപ്പൂരിനേയും ഹരിയാനയേയും പോലെ രാജ്യം മാറാതിരിക്കാൻ വരുന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വിജയിക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ശക്തമായി മുന്നോട്ട് പോയിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ സുഹൃത്തുക്കൾക്ക് വേണ്ടി സ്വകാര്യവത്ക്കരിച്ച ബി.ജെ.പിയുടെ നയത്തേയും അദ്ദേഹം വിമർശിച്ചു. "2014മുതൽ 5,16,000 കോടി രൂപയാണ് സംസ്ഥാനം ടാക്സ് ആയി കേന്ദ്രത്തിന് നൽകിയിരിക്കുന്നത്. ഇതിന് പകരമായി സംസ്ഥാനത്തിന് ലഭിച്ചത് 2,08,000 കോടി മാത്രമാണ്. സംസ്ഥാനങ്ങൾ അടച്ച തുകയുടെ മുഴുവൻ ശതമാനവും കേന്ദ്രത്തിന് നൽകാൻ പറ്റില്ല എന്നാണെന്നിരിക്കട്ടെ, എങ്ങനെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് മാത്രം പണം നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നത്?" സ്റ്റാലിൻ ചോദിച്ചു.
തങ്ങൾക്ക് അവകാശപ്പെട്ട കോടികളാണ് നഷ്ടപ്പെട്ട് പോകുന്നതെന്നും ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.