ഈ കല പഠിച്ചത് പ്രധാനമന്ത്രിയിൽ നിന്ന്; മോദിക്ക് ‘നന്ദി’ പറഞ്ഞ് സ്റ്റാലിൻ
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗവർണർ ആർ.എൻ. രവിക്കുമെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടും, ആരുടെയും ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ മണിക്കൂറുകൾ പ്രസംഗിക്കുന്ന കല പ്രധാനമന്ത്രിയിൽ നിന്ന് പഠിച്ചുവെന്ന് സ്റ്റാലിൻ പരിഹസിച്ചു.
പ്രധാനമന്ത്രിക്കും ബി.ജെ.പി സർക്കാറിനുമെതിരെ നിരവധി ആരോപണങ്ങൾ ഉണ്ട്. പക്ഷേ, അദ്ദേഹം ഒന്നിനോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം പറയുന്നത് ജനങ്ങളുടെ വിശ്വാസമാണ് തന്റെ സംരക്ഷണ കവചം എന്നാണ്. ജനങ്ങൾ അങ്ങനെ കരുതുന്നില്ല - സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മുഴുവനും വാഗ്പാടവം കാണാം. എന്നാൽ ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിലോ അദാനി വിഷയത്തിലോ വിശദീകരണമുണ്ടാകില്ല. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരായ നേരിട്ടുള്ള ആരോപണങ്ങളാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നു. അതിനാൽ പാർലമെന്റിലും ഇത് സംബന്ധിച്ച് ചർച്ച ആവശ്യമാണ്. സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കേണ്ടതും ആവശ്യമാണ് - സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കൂടാതെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയും സ്റ്റാലിൻ പരിഹസിച്ചു. ആദ്യമായാണ് പ്രതിപക്ഷത്തിനനെതിരെ രാഷ്ട്രീയ വേട്ട നടത്തിയെന്ന് ഒരു പ്രധാനമന്ത്രി പാർലമെന്റിൽ സമ്മതിക്കുന്നത്. ഇത് രാജ്യത്തിനും ജനാധിപത്യത്തിനും നല്ലതല്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.