സർക്കാറിന്റെ ഒന്നാം വാർഷികം: ബസിൽ യാത്ര ചെയ്ത് സ്റ്റാലിൻ, പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങൾ
text_fieldsചെന്നൈ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ അദ്ദേഹം സർക്കാറിന് കീഴിലുള്ള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു.
ചെന്നൈയിലെ രാധാകൃഷ്ണൻ സാലൈ റോഡിലൂടെ സർവിസ് നടത്തുന്ന നമ്പർ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവർക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
അച്ഛൻ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പർ ബസിലാണ് താൻ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓർമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെയുടെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര.
ബസ് യാത്രക്കുശേഷം നിയമസഭയിലെത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒന്നാം വാർഷികത്തിന്റെ ഭാഗമായി വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയാണ് പ്രധാന പ്രഖ്യാപനം. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാഥികൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നൽകും.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ സ്റ്റാലിൻ എണ്ണിപ്പറഞ്ഞു. 'ദ്രാവിഡ മാതൃക'യിലാണ് വികസനങ്ങൾ നടപ്പാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയും സ്റ്റാലിൻ പ്രഖ്യാപിച്ചു. ഡൽഹി സർക്കാറിന്റെ മാതൃകയിലുള്ള സ്‌കൂൾ ഓഫ് എക്‌സലൻസ് പ്രോഗ്രാമാണ് മറ്റൊരു പദ്ധതി. 150 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും വിദ്യാർത്ഥികൾക്ക് പുതിയ പഠന അന്തരീക്ഷം കണ്ടെത്താനുമായി നടപ്പാക്കും.
21 കോർപ്പറേഷനുകളിലും 63 മുനിസിപ്പാലിറ്റികളിലുമായി 180 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന 708 അർബൻ മെഡിക്കൽ സെന്ററുകളാണ് മറ്റൊരു പ്രഖ്യാപനം. രാവിലെ എട്ടിനും 11നും വൈകീട്ട് നാലിനും എട്ടിനും ഇടയിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ ജീവനക്കാരും ഉൾപ്പെടെ ഈ സെന്ററുകൾ പ്രവർത്തിക്കും.
ഒന്നാം വാർഷികത്തിന്റെ ഭാഗമായി, ഡി.എം.കെ സ്ഥാപകൻ സി.എ.ൻ അണ്ണാദുരൈയുടെയും പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെയും സ്‌മാരകങ്ങളിൽ സ്റ്റാലിൻ ശനിയാഴ്ച രാവിലെ പുഷ്പാർച്ചന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.