അയോധ്യ സന്ദർശനം മാറ്റിവെച്ചതിന് പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങി രാജ് താക്കറെ
text_fieldsമുംബൈ: ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാന്‍ ജൂൺ ഒന്നിന് ശസ്ത്രക്രിയക്ക് വിധേയമാകുമെന്ന് രാജ് താക്കറെ. കുറച്ച് കാലമായി തനിക്ക് കാലുകളിലും പുറകിലും വേദനയുണ്ടായിരുന്നെന്നും ഇതിനാലാണ് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജ് താക്കറെയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ജൂൺ അഞ്ചിന് നടത്താനിരുന്ന അയോധ്യാസന്ദർശനം മാറ്റിവെക്കുന്നതായി എം.എന്‍.എസ് അറിയിച്ചിരുന്നു.
എന്നാൽ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ശക്തമായ എതിർപ്പാണ് സന്ദർശനം മാറ്റിവെക്കാന്‍ കാരണമെന്ന് നിരവധി രാഷ്ട്രീയ പാർട്ടികൾ പരിഹസിച്ചിരുന്നു. അയോധ്യാ സന്ദർശനത്തിന് മുമ്പ് രാജ് താക്കറെ ഉത്തരേന്ത്യക്കാരോട് മാപ്പ് പറയണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പട്ടിരുന്നു. 2008ൽ ഭാഷാ രാഷ്ട്രീയത്തിലും പ്രാദേശികവാദത്തിലും ഊന്നികൊണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെക്കുറിച്ച് നിരവധി വിമർശനാത്മക പരാമർശങ്ങൾ രാജ് താക്കറെ നടത്തിയിരുന്നു. അവർ മഹാരാഷ്ട്രിയൻ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും അവരുമായി ഇടപഴകുന്നത് ശരിയല്ലെന്നും വരെ അദ്ദേഹം പറഞ്ഞിരുന്നു. സംഭവങ്ങൾക്ക് രാജ് താക്കറെ മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്‍റെ അയോധ്യാസന്ദർശനം ലക്ഷക്കണക്കിന് അനുയായികളെ സംഘടിപ്പിച്ച് തടയുമെന്നാണ് ബ്രിജ്ഭൂഷൺ സിങ് പറഞ്ഞത്.
അയോധ്യ പര്യടനം റദ്ദാക്കിയതിനെച്ചൊല്ലി ഭരണകക്ഷിയായ ശിവസേന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ്,എന്നിവരുൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെയാണ് ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് അറിയിച്ച് രാജ് താക്കറെ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.