ആൾക്കൂട്ട അതിക്രമം: ലോക്സഭയിൽ ഇറങ്ങിപ്പോക്ക്
text_fieldsന്യൂഡൽഹി: ആൾക്കൂട്ട അതിക്രമം, അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ എന്നിവയോടുള്ള കേന്ദ്രസർക്കാറിെൻറ സമീപനത്തിൽ പ്രതിഷേധിച്ച് ലോക്സഭയിൽ കോൺഗ്രസും സി.പി.എമ്മും അടക്കം വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഇറങ്ങിപ്പോക്ക്. സഭയിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദാസീന മറുപടിയാണ് നൽകിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. വിഷയത്തിൽ അദ്ദേഹം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതു നിഷേധിച്ച് ശൂന്യവേളയിൽ സംസാരിക്കാൻ സ്പീക്കർ സുമിത്ര മഹാജൻ, വേണുഗോപാലിനെ അനുവദിക്കുകയായിരുന്നു. ആൾക്കൂട്ട അതിക്രമം അടിക്കടി ആവർത്തിക്കപ്പെടുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവർക്കുനേരെ ഭീഷണിയും അക്രമവും നടക്കുന്നു.
സ്വാമി അഗ്നിവേശിനുനേരെ നടന്ന അക്രമത്തെ ന്യായീകരിക്കുകയാണ് ബി.ജെ.പിക്കാരനായ ഝാർഖണ്ഡ് മന്ത്രി ചെയ്തത്. കേസിൽ പ്രതികളായ വർഗീയവാദികളെ മാലയിട്ടു സ്വീകരിച്ചത് കേന്ദ്രമന്ത്രിയാണ്. ആൾക്കൂട്ട അതിക്രമത്തിനെതിരെ നിയമനിർമാണം നടത്തണമെന്ന് വേണുഗോപാൽ പറഞ്ഞു.അതിക്രമ സംഭവങ്ങളിൽ സ്പീക്കർ ഉത്കണ്ഠ പങ്കുവെച്ചു. ഇതേതുടർന്നാണ് മന്ത്രി രാജ്നാഥ് സിങ് മറുപടിയുമായി എഴുന്നേറ്റത്.
ആൾക്കൂട്ട അതിക്രമങ്ങളിൽ കേന്ദ്രസർക്കാറിനും ഉത്കണ്ഠയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ക്രമസമാധാന പ്രശ്നത്തിൽ നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്. മുഖ്യമന്ത്രിമാരുമായി വിഷയം സംസാരിക്കും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടും. സംസ്ഥാനങ്ങൾക്ക് ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.