എം.എൽ.എക്കെതിരെ ലേഖനം; പത്രം ഓഫിസ് ആക്രമിച്ച് അണികൾ
text_fieldsഅമരാവതി: എം.എൽ.എക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം ഓഫിസ് ആക്രമിച്ച് അണികൾ. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അനുയായികളാണ് കുർണൂൽ നഗരത്തിലെ ഈനാട് പത്രത്തിന്‍റെ ഓഫിസ് ആക്രമിച്ചത്.
പനയം എം.എൽ.എ കടസാനി രാംഭൂപാൽ റെഡ്ഡിക്കെതിരെയാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചത്. പത്രഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വൈ.എസ്.ആർ.സി.പി പ്രവർത്തകർ ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജനക്കൂട്ടം ഓഫിസിന്‍റെ നെയിം പ്ലേറ്റും ജനാലകളും നശിപ്പിച്ചതായും ഓഫിസ് പരിസരത്ത് അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആക്രമണത്തെ തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിളയും അപലപിച്ചു.
ആക്രമണത്തെ അപലപിച്ച ചന്ദ്രബാബു നായിഡു വൈ.എസ്.ആർ.സി.പി തലവനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മാധ്യമങ്ങളെയും പാർട്ടി പ്രവർത്തകരെയും ആക്രമിക്കാൻ അനുയായികളെ പ്രേരിപ്പിച്ചതായി ആരോപിച്ചു.
വൈ.എസ്.ആർ.സി.പി ഭരണത്തിൽ മാധ്യമപ്രവർത്തകർക്കും പത്രം ഓഫിസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ പതിവാണെന്ന് വൈ.എസ്. ശർമിള പറഞ്ഞു. പത്ര പ്രവർത്തകൾക്ക് നേരെയുള്ള ആക്രമണം ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് തുല്യമാണ്. ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവർത്തകനോട് സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശർമിള കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.