വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞു; പശ്ചിമബംഗാളിൽ സംഘർഷം
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഒരു സംഘമാളുകളെത്തി കുളത്തിലെറിഞ്ഞു. സൗത്ത് 24 പർഗാന ജില്ലയിലെ കുൽതായിയിലെ 40,41 ബൂത്തുകളിലാണ് സംഘർഷമുണ്ടായത്.
ബി.ജെ.പി പ്രവർത്തകരാണ് വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. വോട്ട് ചെയ്യാൻ തങ്ങളെ തൃണമൂൽ കോൺഗ്രസ് അനുവദിക്കില്ലെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ പശ്ചിമബംഗാളിലെ ഒമ്പത് ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ദംദം, ബർസാത്, ബാഷിർഹാട്ട്, ജയനഗർ, മാതുർപുർ, ഡയമണ്ട് ഹാർബർ, ജാദവ്പുർ, കൊൽക്കത്ത ദക്ഷിൺ, കൊൽക്കത്ത ഉത്തർ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ബംഗാളിൽ പോളിങ് പുരോഗമിക്കുന്നത്. 967 കമ്പനി കേന്ദ്രസേനയേയും 33,000 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് മൂന്നാംതവണയാണ് മോദി മത്സരിക്കുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് മോദിയുടെ എതിരാളി.
57 ലോക്സഭ സീറ്റുകളിലേക്കായി 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ രണ്ടിന് അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.