മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി; നെറ്റില്ലാതെ ഏഴാംമാസത്തിലേക്ക്
text_fieldsഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്റർനെറ്റ് നിേരാധനം ഏഴാം മാസത്തിലേക്ക് കടക്കുന്നു. സാമൂഹിക വിരുദ്ധർ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ എന്ന പേരിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി മണിപ്പൂർ സർക്കാർ ഇന്നലെ ഉത്തരവിറക്കി.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാൽ, അതിനുപിന്നാലെ ഇന്റർനെറ്റ് നിരോധനം ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ നീട്ടുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്.
ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വിഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധനമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചതിനെതിരെ പൊതുജന പ്രതിഷേധം, വിവിധ പ്രാദേശിക ക്ലബ്ബുകളിലും ബ്ലോക്ക് തലങ്ങളിലും യോഗം ചേരൽ, ജനപ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും ആക്രമിക്കാനുള്ള ശ്രമം എന്നിവ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഡി.ജി.പി ഒക്ടോബർ 30 ന് റിപ്പോർട്ട് നൽകിയിരുന്നു.
മണിപ്പൂരിൽ കലാപം തുടങ്ങിയ മേയ് മൂന്നിനാണ് നെറ്റ് നിരോധിച്ചത്. ഇത് നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടർന്ന്, 143 ദിവസങ്ങൾക്ക് ശേഷം നിരോധനം നീക്കിയെങ്കിലും രണ്ട് വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രചരിച്ചതോടെ രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 26 ന് വീണ്ടും നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.