സുമേധക്ക് സ്കൂളിൽ പോകാനായില്ല; സ്കൂൾ അവളെ തേടിയെത്തി
text_fieldsന്യൂഡൽഹി: ഡൽഹി സ്വദേശി സുമേധ സിങ് എന്ന 12കാരിക്ക് ഇപ്പോൾ മനസ്സുതുറന്ന് ചിരിക്കാനാവുന്നുണ്ട്. നഗരപ്രാന്തത്തിലെ ചേരിയിലുള്ള തെൻറ കുടിലിെൻറ മൂലയിൽ രണ്ടു വർഷമായി പൊടിപിടിച്ചുകിടന്ന പാഠപുസ്തകം വീണ്ടെടുക്കാനായതാണ് അവളെ സന്തോഷിപ്പിക്കുന്നത്. മുറിഞ്ഞുപോയ പഠനം പുനരാരംഭിക്കാൻ അവൾക്ക് തുണയായത് സഞ്ചരിക്കുന്ന സ്കൂളും.
കൂലിവേലക്കാരായ ദമ്പതികളുടെ മകളായ സുമേധയുടെ സ്കൂൾ പഠനം മുടങ്ങിയത് സഹോദരൻ ജനിച്ചതോടെയാണ്. അച്ഛനും അമ്മയും പകലന്തിയോളം കെട്ടിടനിർമാണ ജോലി ചെയ്താലേ കുടുംബം പുലർത്താനാകൂ. അപ്പോൾ കുഞ്ഞനുജനെ നോക്കേണ്ട ചുമതല അവൾക്കായി. സ്കൂളിൽപോക്ക് നിർത്തി അവൾ വീട്ടിൽ നിരാശയോടെ കഴിഞ്ഞു. ഇതിനിടക്കാണ് സഞ്ചരിക്കുന്ന സ്കൂളിനെപ്പറ്റി കേട്ടത്. ബസ് രൂപമാറ്റം വരുത്തി സ്കൂൾ ആക്കുകയായിരുന്നു. പാഠപുസ്തകം പൊടിതട്ടിയെടുത്ത് അനുജനെ ഒക്കത്തിരുത്തി അവൾ വീട്ടിനടുത്തുള്ള നിരത്തിൽ നിന്നു. സ്കൂൾ അവളുടെ അടുത്തേക്ക് വന്നു.
അനുജൻ അടുത്തിരുന്ന് കളിക്കുേമ്പാൾ അവൾ പാഠങ്ങൾ പഠിച്ചു. അനുജനെ സ്കൂളിൽ ചേർക്കുംവരെ ഇങ്ങനെ പഠനം തുടരാനാണ് സുമേധയുടെ തീരുമാനം. സുമേധ ഒരു ഉദാഹരണം മാത്രം. പ്രാഥമിക വിദ്യാഭ്യാസംപോലും പൂർത്തായാക്കാൻ പ്രയാസപ്പെടുന്ന നൂറുകണക്കിന് കുരുന്നുകൾക്ക് അനുഗ്രഹമാവുകയാണ് ഡൽഹിയിലെ സഞ്ചരിക്കുന്ന സ്കൂളുകൾ.ഡൽഹി സർക്കാറിെൻറ സഹായത്തോടെ എൻ.ജി.ഒ ബട്ടർൈഫ്ലസ്, മാജിക് ബസ് ഫൗണ്ടേഷൻ എന്നീ സന്നദ്ധ സംഘടനകളാണ് സഞ്ചരിക്കുന്ന സ്കൂൾ യാഥാർഥ്യമാക്കിയത്. വിവിധ കോർപറേറ്റ് സ്ഥാപനങ്ങളുടെ സഹായമാണ് മൂലധനം. ദാരിദ്ര്യവും ചെറുപ്പത്തിൽതന്നെ പ്രാരബ്ധങ്ങൾ ചുമക്കേണ്ടിവരുന്നതും മൂലം പഠനം മുടങ്ങുന്ന ചേരികളിലെ ബാല്യങ്ങൾക്കായാണ് പദ്ധതി ആവിഷ്കരിച്ചത്.
ഇന്ന് നിരവധി കുട്ടികൾ സ്ഥിരം പഠിതാക്കളാണ്. കുട്ടികളുടെ സൗകര്യത്തിനനുസരിച്ചാണ് പഠനസമയം. വീടിനുസമീപം കാത്തുനിന്നാൽ മതി, സ്കൂൾ വന്ന് കൂട്ടിക്കൊണ്ടുപോകും, തിരികെ കൊണ്ടുവിടും. ജോലിക്കുപോകുന്ന കുട്ടികൾക്ക് പാർട്ട് ടൈമായും സ്കൂളിലെത്താം. ദിവസം മൂന്നുനാല് മണിക്കൂറാണ് ക്ലാസ്. ഫീസ് വേണ്ട. ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനൊപ്പം പഠനവും സുഗമമായി നടത്താമെന്നതാണ് സവിശേഷതയെന്ന് ചാന്ദ്നി ചൗക്ക് മൊബൈൽ സ്കൂളിലെ അധ്യാപകൻ തൻവീർ അഹമ്മദ് പറഞ്ഞു. സദർ ബസാർ, ഒഖ്ല മണ്ഡി, കശ്മീരിഗേറ്റ് എന്നിവിടങ്ങളിലും സ്കൂൾ എത്തുന്നുണ്ട്. രാജ്യത്ത് 2014-15ൽ പ്രൈമറി തലത്തിൽ 4.34 ശതമാനവും സെക്കൻഡറി തലത്തിൽ 17.86 ശതമാനവും വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.