ജനാധിപത്യത്തിൽ സമചിത്തത വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉത്തരവാദിത്ത നിർവഹണത്തിൽ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പരാജയം കടമ നിറവേറ്റാതിരിക്കാൻ മറ്റൊരു ഭരണഘടനാ സ്ഥാപനം ന്യായമാക്കരുതെന്ന് സുപ്രീംകോടതി പഞ്ചാബ് ഗവർണറെയും ആം ആദ്മി പാർട്ടി സർക്കാറിനെയും ഓർമിപ്പിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്ത നിർവഹണത്തിൽ പഞ്ചാബിൽ ഗവർണർ ബൻവാരിലാൽ പുരോഹിതും ഭഗവന്ത് മാൻ സർക്കാറും കൃത്യവിലോപം കാണിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തി.
ഗവർണർ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചു ചേർക്കാൻ പഞ്ചാബ് സർക്കാറിന് സുപ്രീംകോടതിയിൽ ഹരജിയുമായി എത്തേണ്ടിവന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. വ്യത്യസ്ത ഭരണഘടനാപദവികളിലിരിക്കുന്നവർ നടത്തുന്ന സംവാദങ്ങളിൽ നിലവാരവും രാജ്യതന്ത്രജ്ഞതയും കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചുകൊണ്ടുതന്നെ സുപ്രീംകോടതിക്ക് പറയേണ്ടി വരുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജനാധിപത്യത്തിൽ രാഷ്ട്രീയ ഭിന്നതകളാകാമെങ്കിലും സമചിത്തത വേണം. ഇത് മനസ്സിലില്ലെങ്കിൽ ഭരണഘടനാ മൂല്യങ്ങളുടെ ഫലപ്രദമായ പ്രയോഗം അപകടത്തിലാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാറിന്റെ ഹരജി പരിഗണിക്കാനായി സുപ്രീംകോടതി ബെഞ്ച് ഇരുന്നപ്പോൾ മാർച്ച് മൂന്നിന് ഗവർണർ ബജറ്റ് സമ്മേളനം വിളിച്ചിരിക്കുന്നുവെന്ന് പഞ്ചാബ് ഗവർണർക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിക്കുകയായിരുന്നു.
സർക്കാർ സമർപ്പിച്ച ഹരജി ഇതോടെ നിലനിൽക്കില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. ഇത് കേട്ട് ക്ഷുഭിതനായ പഞ്ചാബ് സർക്കാറിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഒരു ഗവർണർ നിയമസഭ വിളിക്കാൻ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയിൽ വരേണ്ടി വന്നുവെന്ന് കുറ്റപ്പെടുത്തി.
ഭരണഘടനപ്രകാരം പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറുടേത്. അദ്ദേഹവും സ്വന്തം വിവേചനാധികാരം ഉപയോഗിച്ചുതുടങ്ങിയാൽ ബജറ്റ് സമ്മേളനമേ നടക്കില്ലായിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ അർഥമെന്താണെന്ന് ഗവർണർക്കറിയുമോ എന്ന് സിങ്വി പരിഹസിക്കുകയും ചെയ്തു.
ഗവർണർക്കുള്ള കത്തിൽ തെരുവു ഭാഷയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് എസ്.ജി മറുവാദമുന്നയിച്ചു. ഇതോടെ ഇടപെട്ട ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇരുപക്ഷവും കൃത്യവിലോപം കാണിച്ചുവെന്ന് കുറ്റപ്പെടുത്തി. ഭരണഘടനയുടെ 167(ബി) അനുഛേദ പ്രകാരം സർക്കാറിനോട് ഗവർണർക്ക് വിവരങ്ങൾ തേടാമെന്നും ആ വിവരങ്ങൾ സർക്കാർ നൽകണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സർക്കാർ സെക്രട്ടറിയോട് മറുപടി നൽകാൻ ആവശ്യപ്പെടണമെന്ന് കോടതി സിങ്വിയോട് നിർദേശിച്ചു. ഒരിക്കൽ മന്ത്രിസഭ ബജറ്റ് സമ്മേളനം വിളിക്കാൻ ആവശ്യപ്പെട്ടാൽ അത് വിളിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സോളിസിറ്റർ ജനറലിനെയും സുപ്രീംകോടതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.