‘മോദി എപ്പോഴും പിൻകണ്ണാടി നോക്കി കാറോടിക്കുന്നു, അപകടത്തിൽ ചാടുന്നു’ ; ന്യൂയോർക്ക് സ്വീകരണത്തിൽ രാഹുൽ
text_fieldsന്യൂയോർക്: തന്റെ യു.എസ് സന്ദർശനത്തിന്റെ അവസാന പരിപാടിയിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും ആർ.എസ്.എസും ഭാവിയിലേക്ക് നോക്കാൻ കെൽപില്ലാത്തവരാണെന്നും മോദി എപ്പോഴും പിൻകാഴ്ച കണ്ണാടി നോക്കി വണ്ടി ഓടിക്കുന്നുവെന്നും അങ്ങനെ അടിക്കടി അപകടത്തിൽപെടുന്നുവെന്നും രാഹുൽ പരിഹസിച്ചു.
‘‘ബി.ജെ.പിയോട് ട്രെയിൻ അപകടത്തെപ്പറ്റി ചോദിച്ചുനോക്കൂ, കോൺഗ്രസ് 50 വർഷംമുമ്പ് ഇങ്ങനെ ചെയ്തില്ലേ എന്നവർ തിരിച്ചുപറയും’’ -ന്യൂയോർക്കിലെ ജാവിറ്റ്സ് സെന്ററിൽ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച വൻ ജനപങ്കാളിത്തമുണ്ടായിരുന്ന പരിപാടിയിൽ രാഹുൽ പറഞ്ഞു.
ആർക്കും ഒരിക്കലും റിയർവ്യൂ മിററിൽ മാത്രം നോക്കി ഓടിക്കാൻ കഴിയില്ലെന്നും ഇത് ഒന്നിനുപിറകെ ഒന്നായി അപകടം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘ഇതാണിപ്പോൾ നരേന്ദ്ര മോദിക്ക് സംഭവിക്കുന്നത്. റിയർവ്യൂ മിററിൽ മാത്രം നോക്കി ഇന്ത്യൻ കാർ ഓടിക്കുകയാണദ്ദേഹം.
ഇതെന്തുെകാണ്ടാണ് അപകടത്തിൽപെടുന്നതെന്നും മുന്നോട്ടു നീങ്ങാത്തതെന്നും അദ്ദേഹം മനസ്സിലാക്കുന്നില്ല. ഇതേ ആശയമാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ളത്’’ -രാഹുൽ വിശദീകരിച്ചു.
പാഠപുസ്തകത്തിൽനിന്ന് ആവർത്തനപ്പട്ടിക ഒഴിവാക്കിയതെന്തിനെന്ന് ചോദിച്ചാൽ, 60 വർഷം മുമ്പ് കോൺഗ്രസ് ചെയ്ത കാര്യം അവർ വിശദീകരിക്കും. അവരുടെ മന്ത്രിമാരും പ്രധാനമന്ത്രിയുമൊന്നും ഭാവിയെക്കുറിച്ച് പറയുന്നത് കാണാനാകില്ല. കഴിഞ്ഞ കാലത്തെക്കുറിച്ച് പറയുകയും ആരെയെങ്കിലും കുറ്റം പറയുകയും ചെയ്യും. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ട്രെയിൻ അപകടം ഉണ്ടായപ്പോൾ, ബ്രിട്ടീഷുകാരെ പാർട്ടി കുറ്റം പറഞ്ഞില്ല. അപകടത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുത്ത് രാജിവെക്കുന്നുവെന്നായിരുന്നു കോൺഗ്രസ് മന്ത്രി പറഞ്ഞിരുന്നത് -രാഹുൽ പറഞ്ഞു.
ഇന്ത്യയിലിന്ന് രണ്ടാശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് നാഥുറാം ഗോദ്സെയുടെയും ആശയമാണെന്നും പറഞ്ഞ രാഹുൽ, ഭാരതീയത പ്രകടിപ്പിക്കുകയെന്നാൽ വിദ്വേഷം പ്രകടിപ്പിക്കണമെന്നത് പുതിയ ഫാഷനാണെന്നും ആരോപിച്ചു. ‘‘ഭാരതീയത പ്രകടിപ്പിക്കാൻ അധിക്ഷേപം ചൊരിയണമെന്നും മനുഷ്യരെ മർദിക്കണമെന്നും ചിന്തിക്കുന്ന കാലമാണിത്. അതല്ല ഭാരതീയത. അത്തരം സംസ്കാരം ഭാരതീയതയായി നാം എണ്ണരുത്’’ -അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പരിപാടിക്കിടെ സദസ്സിൽനിന്ന് ഖാലിസ്താൻ പതാക വീശിയ ആളോട് മറ്റു സദസ്യർ പുറത്തുപോകാൻ പറഞ്ഞപ്പോൾ, ശുഭദിനം നേർന്നുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. എതിരഭിപ്രായമുള്ളവരോട് അക്രമം കാണിക്കുന്നതല്ല കോൺഗ്രസ് സംസ്കാരമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.