മോദിയും അമിത് ഷായും ഇന്ന് അസമിൽ; സി.എ.എ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പൊലീസ്
text_fieldsഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ സംസ്ഥാനത്ത് നടന്ന സി.എ.എ വിരുദ്ധറാലിക്ക് നേരെ പൊലീസിന്‍റെ ക്രൂരമായ അതിക്രമം. വിവാദ നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച പന്തംകൊളുത്തി മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പൊലീസ് പ്രതികരിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച തേസ്പുരിൽ ഓൾ അസം സ്റ്റുഡന്റ്സ് യൂനിയന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചു. ഇതോടെ സമരം അക്രമാസക്തമായി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എ.എ.എസ്.യു സോണിറ്റ്പുർ ജില്ലയിൽ ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. മോദിയും അമിത് ഷായും വരുന്നതിന്‍റെ ഭാമായി വിദ്യാർത്ഥി സംഘടന അസമിൽ മൂന്ന് ദിവസത്തെ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
എ.എ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച റാലി പൊലീസ് തടഞ്ഞതോടെ പാർട്ടിയുടെ മുഖ്യ ഉപദേഷ്ടാവ് സമുജ്ജൽ ഭട്ടാചാര്യ, പ്രസിഡന്‍റ് ദീപങ്ക നാഥ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പൊലീസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടു.
'സമാധാനപരവും ജനാധിപത്യപരവുമായ റാലി തടയാൻ സർക്കാർ പൊലീസിനെ അനുവദിച്ചിരിക്കുകയാണ്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം ബലപ്രയോഗത്തിലൂടെ കവർന്നെടുക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉടൻ അസമിൽ എത്തും. എന്നാൽ, സി.എ.എക്കെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഞങ്ങൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്നു. സി.എ.എ റദ്ദാക്കുന്നതുവരെ വിശ്രമമില്ല' -ദീപങ്ക നാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.