അട്ടഹാസമില്ല, ആർപ്പുവിളിയില്ല; മര്യാദയിൽ മോദിയും ഫാൻസും
text_fieldsസദസ്സിൽ സെൻട്രൽ ഹാളിനെ ഭേദിക്കുമാറുച്ചത്തിലുള്ള ‘ജയ് ശ്രീറാം’ വിളികളില്ല... മോദി, മോദി എന്ന ആർത്തുവിളിയില്ല. വേദിയിൽ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും പ്രസംഗപീഠത്തിലേക്ക് പോകാൻ സ്വന്തം കസേരയിൽ നിന്നെഴുന്നേറ്റ് വഴിയൊരുക്കുകയാണ് മോദി. സ്വന്തമായി കേവല ഭൂരിപക്ഷമില്ലാതായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല, ബി.ജെ.പി എം.പിമാരും പാർട്ടി മര്യാദയിൽനിന്ന് മുന്നണി മര്യാദയിലേക്ക് മാറിയിരിക്കുന്നു.
ഫലം വന്ന് മൂന്നുദിവസം തങ്ങൾ ആഘോഷിക്കാതിരുന്നത് വിജയത്തിൽ ഉന്മാദം കാണിക്കാത്തവരായതുകൊണ്ടാണെന്ന് മോദി അവകാശപ്പെട്ടു. ഘടകകക്ഷി നേതാക്കളുടെ പേരെടുത്തു പറഞ്ഞ് ഈ വിജയം സഖ്യത്തിന്റേതാണെന്ന് മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മുന്നണി രാഷ്ട്രീയത്തിൽ ഇത്രയും സഫലമായ ഒരു വിജയമുണ്ടായിട്ടില്ല. എൻ.ഡി.എ നേതാവ് എന്നനിലയിൽ പുതിയ ഉത്തരവാദിത്തം നൽകിയിരിക്കുകയാണ്. രാജ്യം മുന്നോട്ടു കൊണ്ടുപോകാൻ സമവായം വേണം. ജയം തങ്ങൾക്കാണെന്ന മട്ടിലാണ് ഇൻഡ്യ സഖ്യത്തിന്റെ ആഘോഷമെന്നും യഥാർഥത്തിൽ ജയിച്ചത് എൻ.ഡി.എ ആണെന്നും മോദി പറഞ്ഞു.
കാൽതൊട്ട് വന്ദിച്ച് നിതീഷ്
മോദി മുന്നണിമര്യാദ കാണിച്ചതോടെ ഘടകകക്ഷി നേതാക്കളും അതിനായി മത്സരിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വേദിയിൽ മോദിയുടെ മുന്നിൽ കുനിഞ്ഞ് കാൽതൊട്ട് വന്ദിച്ച് ഏവരെയും അമ്പരപ്പിച്ചു. ഏതു ഘട്ടത്തിലും മോദിയുടെ കൂടെയുണ്ടാകുമെന്നും നയപരമായ തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും നിതീഷ് പ്രഖ്യാപിച്ചു. അവിടെയും ഇവിടെയും ജയിച്ച ചിലർ അടുത്ത തവണ തോൽക്കുമെന്നു പറഞ്ഞ് നിതീഷ് ഇൻഡ്യ സഖ്യത്തെ കളിയാക്കി. നിതീഷ് കുമാറിന് പിന്നാലെ കാൽതൊട്ട് വന്ദിക്കാനെത്തിയ ബിഹാറിൽനിന്നുള്ള ചിരാഗ് പാസ്വാനെ മോദി കെട്ടിപ്പിടിച്ചു.
മോദിയെ വാഴ്ത്തി നായിഡു
ഇന്ത്യക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് നരേന്ദ്ര മോദിയെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വാഴ്ത്തി. മോദിക്കു കീഴിൽ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചെന്നും ലോക ശക്തിയാക്കി ഇന്ത്യയെ മാറ്റിയെന്നും നായിഡു പറഞ്ഞു. മോദി രാവുംപകലുമില്ലാതെ പ്രചാരണം നടത്തിയതുകൊണ്ടാണ് ആന്ധ്രയിൽ തെരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടായതെന്നും നായിഡു കൂട്ടിച്ചേർത്തു.
ജയന്ത് ചൗധരിക്ക് വേദിയിൽ കസേരയില്ല
ഉത്തർപ്രദേശിൽ സീറ്റ് പിടിക്കാൻ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എൻ.ഡി.എയിൽ ചേർന്ന രാഷ്ട്രീയ ലോക്ദളിന് എൻ.ഡി.എ പാർലമെന്ററി പാർട്ടി വേദിയിൽ പരിഗണന കിട്ടിയില്ല. പാർട്ടി നേതാവ് ജയന്ത് ചൗധരിയെ വേദിയിലിരുത്തുകയോ സംസാരിക്കാൻ വിളിക്കുകയോ ചെയ്തില്ല. ജയന്ത് ചൗധരിയെ പോലെ രണ്ട് എം.പിമാരുള്ള പവൻ കല്യാണിനെ മറ്റു ഘടകകക്ഷി നേതാക്കൾക്കൊപ്പം ഇരുത്തി സംസാരിക്കാൻ വിളിക്കുകയും ചെയ്തു.
മോദിയെ അഭിനന്ദിക്കാൻ യോഗിയോട് അമിത് ഷാ
തുടക്കം മുതൽ ഒടുക്കംവരെ മ്ലാനവദനനായിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗം കഴിഞ്ഞിറങ്ങിവന്ന മോദിയെ അഭിനന്ദിക്കാൻ ചെല്ലാതായപ്പോൾ അമിത് ഷാ ഇടപെട്ടു. മോദിയെ അഭിനന്ദിക്കാനുള്ള നിർദേശം കേട്ട് ബൊക്കെ എടുക്കാതെ ഹസ്തദാനം ചെയ്യാനായി യോഗി മോദിക്ക് അടുത്തെത്തിയപ്പോൾ ബൊക്കെ വെച്ച സ്ഥലം കാണിച്ച് അതെടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ബൊക്കെ എടുത്തുകൊണ്ടുവന്ന് മോദിക്ക് കൈനീട്ടിയപ്പോൾ ഹസ്തദാനം ചെയ്യുന്നതിനു പകരം ആശ്വസിപ്പിക്കാനെന്നവണ്ണം യോഗിയുടെ തോളിൽ തട്ടി.
കോൺഗ്രസ് 100 തികച്ചില്ലെന്ന് മോദി
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തെ രൂക്ഷമായി വിമർശിച്ച നരേന്ദ്ര മോദി 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റുകളിൽ ജയിക്കാനായില്ലെന്ന് പരിഹസിച്ചു. നായിഡുവിനെയും നിതീഷിനെയും കൂട്ടാതെ ഒറ്റക്ക് സർക്കാറുണ്ടാക്കാൻ കഴിയാത്ത മൂന്നിലൊരു പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് തിരിച്ചടിച്ചു. വോട്ടുയന്ത്രത്തിൽ അവിശ്വാസം പ്രകടിപ്പിച്ചതിനെ വിമർശിച്ച മോദി പൊതു തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വോട്ടുയന്ത്രം തന്നെ അതിന് മറുപടി നൽകിയെന്ന് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമില്ലാത്ത കോൺഗ്രസ് ഇനി അടുത്ത അഞ്ച് വർഷം വോട്ടുയന്ത്രത്തെ കുറിച്ച് മിണ്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.