കൊണ്ടും കൊടുത്തും ആവേശം വിതറി മോദിയും രാഹുലും ബിഹാറിൽ
text_fieldsപട്ന: പ്രവർത്തകർക്ക് ആവേശമേകാനും ജനങ്ങളെ കൈയിലെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നേരിട്ടെത്തിയതോടെ ബിഹാർ തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചു. സസാറാം, ഗയ, ഭഗൽപുർ എന്നിവിടങ്ങളിൽ നടന്ന എൻ.ഡി.എ റാലികളിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കേന്ദ്രസർക്കാറിെൻറയും നിതീഷ് ഭരണത്തിെൻറയും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് മോദിയുടെ പ്രസംഗങ്ങൾ മുന്നേറിയത്. രാഷ്ട്രീയ ജനതാദൾ നേതാവും മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവിനൊപ്പം നവാദയിലെ ഹിസുവയിലും ഭഗൽപുരിലെ കഹൽഗാവിലും റാലികളെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി കടുത്ത ഭാഷയിലാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്.
സസാറാമിലെ റാലിയിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിതീഷ്കുമാറും വേദി പങ്കിട്ടു. ഈയിടെ അന്തരിച്ച ബിഹാറിൽനിന്നുള്ള മുതിർന്ന നേതാവ് രാംവിലാസ് പാസ്വാന് ആദരാഞ്ജലിയർപ്പിച്ച് സംസാരം ആരംഭിച്ച മോദി, എൻ.ഡി.എയിലെ സഖ്യകക്ഷികളെ എണ്ണിപ്പറയവെ പാസ്വാെൻറ ലോക്ജനശക്തി പാർട്ടിയെ പരാമർശിക്കാഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. റഫാൽ വിമാനങ്ങൾ വാങ്ങിയപ്പോൾ ഇടനിലക്കാരുടെ ഭാഷയിൽ സംസാരിച്ചവർ കേന്ദ്രസർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കാൻ ശ്രമിക്കുേമ്പാൾ കിംവദന്തികളുമായി എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മോദി പറഞ്ഞു. ബിഹാറിനെ ബിമാരു (രോഗി)യാക്കിയവർക്ക് ഇനിമേൽ ഭരണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് കടന്നുകയറ്റം, കോവിഡ് പ്രതിരോധത്തിലെ അലംഭാവം, കർഷകവിരുദ്ധ ബിൽ എന്നിവ ഉയർത്തിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്ശരങ്ങൾക്കെതിരെ റാലികളിൽ രാഹുലിെൻറ പ്രതിരോധവും പ്രത്യാക്രമണവും. മോദിയും നിതീഷും ചേർന്ന് കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും നട്ടെല്ലുതകർക്കുന്ന നടപടികളാണ് ആവിഷ്കരിച്ചത്. ലഡാക്കിൽ ആരും കടന്നുകയറിയിട്ടില്ല എന്ന കള്ളം പറഞ്ഞ പ്രധാനമന്ത്രി സൈനികരെ അവഹേളിക്കുകയാണ്. നമ്മുടെ രാജ്യത്തിെൻറ 1200 കിലോമീറ്റർ പ്രദേശം ചൈന കൈയടക്കിയിരിക്കുന്നു. ചൈനയെ എന്നു പുറത്താക്കുമെന്ന് പറയാൻ രാഹുൽ മോദിയെ വെല്ലുവിളിച്ചു.
ബിഹാറിലെ കർഷകവിപണന കേന്ദ്രങ്ങളും താങ്ങുവിലയും ഇല്ലാതാക്കിയ അവരിപ്പോൾ രാജ്യത്ത് മുഴുവൻ അതു നടപ്പാക്കുകയാണ്. സൈനികർക്കും കർഷകർക്കും തൊഴിലാളികൾക്കും മുന്നിൽ പ്രണമിക്കുന്നുവെന്ന് പൊതുവേദികളിൽ പറയുന്ന മോദി വീട്ടിലെത്തിയാൽ അംബാനിക്കും അദാനിക്കുംവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.