വികസനത്തിന് ദേശീയ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് മോദി
text_fieldsന്യൂഡൽഹി: കാൽ നൂറ്റാണ്ട് മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
100 ലക്ഷം കോടി രൂപയുടെ ഈ പദ്ധതി പുതിയ തൊഴിലവസരങ്ങൾ നൽകും. വേഗമേറിയ സഞ്ചാരം സാധ്യമാക്കുന്ന വിധം ഗതാഗത മേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കൊണ്ടുവരുകയും വ്യവസായിക ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യുന്നതാണ് പദ്ധതി. പുതിയ സാമ്പത്തിക മേഖലകളും പദ്ധതിയുടെ ഭാഗമാണ്.
75ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. 2022 ആഗസ്റ്റ് 15 വരെ നീളുന്ന 75 ആഴ്ചത്തെ അമൃത മഹോത്സവ കാലത്ത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് െട്രയിനുകൾ തുടങ്ങുമെന്ന് മോദി പറഞ്ഞു.
സ്വാതന്ത്ര്യ ശതാബ്ദി വരെയുള്ള അടുത്ത 25 വർഷം അമൃത്കാൽ എന്ന കാലയളവായി പരിഗണിച്ച് പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരും. സ്വാതന്ത്ര്യത്തിെൻറ 100ാം വാർഷികത്തിൽ ഇന്ത്യ കൈവരിക്കേണ്ടത് ഊർജസ്വാതന്ത്ര്യമാണ്. ഇന്ധനം ഇറക്കുമതി ചെയ്യാൻ പ്രതിവർഷം 12 ലക്ഷം കോടി രൂപ ചെലവിടുന്ന ഇന്നത്തെ സ്ഥിതി മാറണം. വാതകാധിഷ്ഠിത സൗകര്യങ്ങളുടെ ശൃംഖല രൂപപ്പെടുത്തും.
എല്ലാ സൈനിക സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കും. സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.